തിരുവനന്തപുരം: കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഞായറാഴ്ച രാവിലെ ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് ആംബുലന്‍സില്‍ ഹൈദരബാദിലേക്ക് തിരിച്ചു. ഹൈദരബാദ് എല്‍.വി. പ്രസാദ് അശുപത്രിയില്‍ തിങ്കളാഴ്ച ചികിത്സ ആരംഭിക്കും. മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രശ്നത്തിലിടപെട്ടതോടെയാണ് കുട്ടിയുടെ ചികിത്സ യാഥാര്‍ത്ഥ്യമായത്. ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഇതേ ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിക്കും.

ലോക്ഡൗണ്‍ കാലമായതിനാല്‍ വളരെയേറെ ബുദ്ധിമുട്ടിയാണ് കുഞ്ഞിനെയും മാതാപിതാക്കളെയും ഹൈദരബാദിലെത്തിക്കാന്‍ സംവിധാനമൊരുക്കിയത്. കേരള സാമൂഹ്യ സുരക്ഷാ മിഷനാണ് കുഞ്ഞിനെ ഹൈദരബാദിലെത്തിക്കാന്‍ ആവശ്യമായ യാത്ര സൗകര്യം ഏര്‍പ്പെടുത്തിയത്. യാത്ര അനുമതിയും ആംബുലന്‍സ് കടന്നു പോകുന്ന മറ്റ് സംസ്ഥാനക്കള്‍ക്കുള്ള നിര്‍ദ്ദേശവും പോലീസ് ആസ്ഥാനത്ത് നിന്ന് നല്‍കിയിരുന്നു. എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും ആസ്ഥാനത്ത് നിന്നും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

യാത്ര ചെലവും മറ്റും സര്‍ക്കാരാണ് വഹിക്കുന്നത്. ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് ഞായറാഴ്ച രാവിലെ 7.15ന് യാത്ര തിരിച്ച ആംബുലന്‍സ് രാത്രി 11 മണിയോടെ ഹൈദരബാദിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here