ഗോരഖ്പുര്‍: വീണ്ടും കുഞ്ഞുങ്ങളുടെ മരണം, പ്രതിഷേധം വ്യാപകമാകുന്നു

0
2

ലഖ്‌നൗ: ഗോരഖ്പൂരില്‍ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ മൂന്നു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഓഗസ്റ്റ് നാലു മുതല്‍ ഒരാഴ്ചയ്ക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 67 ലെത്തി. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് ഇരുചക്രവാഹനങ്ങളിലടക്കം. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഢ അടക്കമുള്ളവര്‍ ഗോരഖ്പുരിലേക്ക്.

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായിട്ടാണ് മൂന്നു കുട്ടികള്‍ മരിച്ചത്. എന്നാല്‍, സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയില്‍ മരിച്ചത് 11 പേര്‍ മാത്രമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. സംഭവത്തെ തുടര്‍ന്ന് ആശുപത്രി പ്രിന്‍സിപ്പാള്‍ ഡോ. രാജീവ് മിശ്രയെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. ഉത്തരവാദിത്വം ഏറ്റെടുത്ത് ജോലി രാജിവയ്ക്കുന്നതായി അദ്ദേഹവും പ്രതികരിച്ചു. എന്നാല്‍, സര്‍ക്കാര്‍ ഫണ്ട് യഥാസമയം ലഭിച്ചിരുന്നെങ്കില്‍ ഓക്‌സിജന്‍ കമ്പനിക്ക് കുടിശിക ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഈ മാസം നാലിന് ലഭിച്ച രാജീവ് മിശ്രയുടെ നിവേദം തൊട്ടടുത്ത ദിവസം തന്നെ അനുവദിച്ചുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

74 പേരാണ് ജപ്പാന്‍ ജ്വരം ബാധിച്ചവരുടെ വാര്‍ഡിലുണ്ടായിരുന്നത്. ഇതില്‍ 54 പേര്‍ വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ചയാണ് ഓക്‌സിജന്‍ വിതരണം തടസപ്പെട്ടത്. പിന്നീട് പുന:സ്ഥാപിച്ചു. എന്നാല്‍, കുട്ടികളുടെ വാര്‍ഡില്‍ വെന്റിലേറ്ററില്‍ കഴിയുന്ന നവജാത ശിശുക്കള്‍ ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്തു. ഓക്‌സിജന്‍ വിതരണം നടത്തുന്ന 90 ജംബോ സിലിന്‍ഡറുകള്‍ കാലിയായത് കണ്ടെത്താന്‍ പോലും വൈകിയെന്നും പരാതി ഉയര്‍ന്നിരുന്നു. മരണത്തിലും അതിന്റെ കാരണങ്ങളിലും പരസ്പര വിരുദ്ധമായി സര്‍ക്കാരും ആശുപത്രി അധികൃതരും പ്രതികരിക്കുമ്പോള്‍, രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. സ്ഥിതി ഗുരുതരമാകുന്ന സാഹചര്യത്തില്‍ പ്രമുഖ ആശുപത്രികളിലെ വിദഗ്ധരെ സ്ഥലത്തെത്തിക്കാന്‍ നീക്കം തുടങ്ങി. കേന്ദ്ര ആരോഗ്യ മന്ത്രി നഡ്ഢ അടക്കമുള്ളവര്‍ ഗോരഖ്പുരിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here