കൊച്ചി: ഈസ്റ്റേണ്‍ കമ്പിനിയുടെ ചക്കപ്പൊടിയില്‍ പ്രമേഹത്തിന് നല്‍കുന്ന മെറ്റ്‌ഫോമിന്‍ ഹൈട്രോ ക്ലോറൈഡ് മരുന്ന്. ഒരു ഗ്രാം ജാക്ക് ഫ്രൂട്ട് 365 പൊടിയില്‍ 5.738 മില്ലിഗ്രാം മെറ്റ്‌ഫോമിന്‍ ഹൈട്രോ ക്ലോറൈഡ് അടങ്ങിയിട്ടുണ്ടെന്നാണ് തിരുവനന്തപുരത്തെ സര്‍ക്കാര്‍ ലാബിലെ പരിശോധനാഫലം. ഒക്ടോബര്‍ 10 ന് ഇതുസംബന്ധിച്ച ഗുരുതരമായ പരിശോധനാ ഫലം പുറത്തുവന്നിട്ടുള്ളത്.

കടുത്ത പ്രമേഹ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന മരുന്നാണ് മെറ്റ്‌ഫോമിന്‍ ഹൈട്രോ ക്ലോറൈഡ്. വിപണിയില്‍ പലപേരുകളില്‍ ഈ മരുന്ന് സുലഭമാണ്. പലരും ഈ മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ കൂടെ ജാക്ക് ഫ്രൂട്ട് 365 പൊടി കൂടി കഴിക്കുന്നതോടെ ഡോസ് ഇരട്ടിയോളമാകും. ഇത് ഏറെ അപകടകരമാകും എന്ന് വിദഗ്ദ ഡോക്ടര്‍മാര്‍ പറയുന്നു.

പ്രകൃതിദത്തമായ ചക്കപ്പൊടി എന്നപേരിലാണ് ‘ ജാക്ക് ഫ്രൂട്ട് 365 ‘ വിപണിയില്‍ വില്‍ക്കുന്നത്. ഈ പൊടി വെള്ളത്തില്‍ ചാലിച്ച് കഴിച്ചാല്‍ 90 ദിവസത്തിനുള്ളില്‍ പ്രമേഹം നിയന്ത്രിക്കാമെന്നാണ് ഈസ്റ്റേണ്‍ കമ്പിനിയുടെ അവകാശവാദം. ദഹനത്തിന് സഹായിക്കുന്ന ഭക്ഷ്യയോഗ്യമായ നാരുകളാല്‍ സമ്പുഷ്ടമെന്നും വെള്ളത്തില്‍ അലിയുന്ന നാരുകളും പ്രോട്ടീനുകളും ജാക്ക് ഫ്രൂട്ട് 365 ല്‍ അടങ്ങിയിട്ടുണ്ടെന്നും കമ്പിനി പറയുന്നു. ദോശമാവിലും ചപ്പാത്തിയിലും ഒരോ ടിസ്പൂണ്‍ ചക്കപൊടി ചേര്‍ത്താല്‍ പ്രമേഹമുള്‍പ്പെടെ കുറയുമെന്ന് വന്‍ പ്രചരണം നല്‍കിയാണ് ചക്കപൊടിയുടെ വില്‍പ്പന.

കോതമംഗലം ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് Jack Fruit 365 വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ആമസോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോമിലും ജാക്ക് ഫ്രൂട്ട് 365 ന് വന്‍ വില്‍പ്പനയാണ്. 200ഗ്രാം പാക്കറ്റിന് 240 രൂപയാണ് വില. റേറ്റിംഗിലും റിവ്യുവിലും മുന്നില്‍ നില്‍ക്കുന്ന ജാക്ക് ഫ്രൂട്ട് 365 ന്റെ ഗുണനിലവാരം പരിശോധിക്കുവാന്‍ ആരും മുതിരുന്നില്ല. വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്താണ് ആമസോണില്‍ ഈ ഉല്‍പ്പന്നം. വന്‍ പരസ്യപ്രചാരവും ഈ ചക്കപ്പൊടിക്ക് നല്‍കുന്നുണ്ട്. ഈസ്റ്റേണ്‍ കമ്പിനിയുടെ പല ഉല്‍പ്പന്നങ്ങള്‍ക്കെതിരെയും ഗുണനിലവാര ആരോപണം നിലവിലുണ്ട്. ഇതോടൊപ്പമാണ് വിപണി അടക്കിവാഴുന്ന ‘ ജാക്ക് ഫ്രൂട്ട് 365 ‘ ല്‍ പ്രമേഹത്തിന് നല്‍കുന്ന വീര്യംകൂടിയ അലോപ്പതി മരുന്ന് അടങ്ങിയിട്ടുണ്ടെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഉല്‍പ്പന്നങ്ങളില്‍ കൃത്രിമത്വം കാണിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനുള്ള തന്ത്രമാണോ ഇതിനുപിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

‘ജാക്ക് ഫ്രൂട്ട് 365 ‘എന്ന പേരില്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന ചക്കപ്പൊടിയില്‍ പ്രമേഹത്തിന്റെ മരുന്ന് എങ്ങനെ വന്നുവെന്ന് അന്വേഷിക്കുമെന്ന് കമ്പിനിയുടെ സി.ഇ.ഓ ജെയിംസ് ജോസഫ് ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡിനോട് പ്രതികരിച്ചു. പരിശോധന നടത്തിയ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ലാബുമായി ബന്ധപ്പെട്ടിരുന്നുവെന്നും മെട്രോഫിന്‍ ഹൈട്രോ ക്ലോറൈഡിന്റെ സാന്നിധ്യം ജാക്ക് ഫ്രൂട്ട് 365 ല്‍ പ്രകൃതിദത്തമായി വന്നതല്ലെന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തി പരിശോധനക്കായി നല്‍കിയ സാമ്പിളിലാണ് പ്രമേഹ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത്തരം പരിശോധനകള്‍ നടത്തേണ്ടത് തിരുവനന്തപുരത്തെ ലാബില്‍ അല്ലെന്നും പരിശോധനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും കമ്പിനി വ്യക്തമാക്കി.

ഭക്ഷ്യവസ്തുക്കളില്‍ വന്‍തോതില്‍ മായം ചേര്‍ത്താണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. കോടികള്‍ പരസ്യത്തിന് മുടക്കി ജനങ്ങളെ അന്ധരാക്കിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. മുന്‍നിര മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കണ്ടില്ലെന്നു നടിക്കുമ്പോള്‍ കൂടുതല്‍ ജനങ്ങള്‍ രോഗികളായി മാറുന്നു. ആശുപത്രികള്‍ക്കും മരുന്നുകമ്പിനികള്‍ക്കും നിലനില്‍ക്കണമെങ്കില്‍ ഇവിടെ രോഗികള്‍ കൂടിക്കൊണ്ടിരിക്കണം. പൊള്ളയായ വാഗ്ദാനങ്ങളില്‍കൂടി ഉപഭോക്താക്കളെ വശീകരിക്കുന്ന പ്രവണത കൂടിവരികയാണ്. തെളിവുകളുമായി ആര്‍ക്കും ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡിനെ സമീപിക്കാം. പ്രസിദ്ധീകരണയോഗ്യമായവ ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡില്‍ അംഗങ്ങളായ മുഴുവന്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളും പ്രസിദ്ധീകരിക്കും. ഓണ്‍ ലൈന്‍ മാധ്യമ മാനേജ്‌മെന്റ്കളുടെ പ്രബല സംഘടനയാണ് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡ്. വാര്‍ത്തകളും തെളിവുകളും നല്‍കുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുന്നതാണ്. ഇ മെയില്‍ – [email protected]

LEAVE A REPLY

Please enter your comment!
Please enter your name here