ആര്‍സിസി രോഗീസൗഹൃദമാക്കാന്‍ ഡിജിറ്റല്‍ നെര്‍വ് സെന്‍റർ

0
2

തിരുവനന്തപുരം: റിജിനല്‍ കാന്‍സര്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ രോഗീ സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ഡിജിറ്റല്‍ നെര്‍വ് സെന്‍റര്‍ ലാബ് തുടങ്ങുന്നതിന് ടാറ്റാ ട്രസ്റ്റ്, ടാറ്റാ കണ്‍സള്‍ടന്‍സി സര്‍വീസസ് (ടിസിഎസ്) എന്നിവയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടു.

ആര്‍സിസി ഉള്‍പ്പെടെ രാജ്യത്തെ നാലു കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലെ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും പരിപാലനവും ലഭ്യമാക്കാന്‍ തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ ടിസിഎസ് കാമ്പസിലാണ് ഡിജിറ്റല്‍ നെര്‍വ് സെന്‍റര്‍ തുടങ്ങുന്നത്.  ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍-മുംബൈ, ടാറ്റ മെഡിക്കല്‍ സെന്‍റര്‍-കൊല്‍ക്കത്ത, അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്-ചെന്നൈ എന്നിവയാണ് മറ്റു മൂന്നു സെന്‍ററുകള്‍.  സോഫ്റ്റ്വേര്‍ സഹായത്തോടെ രോഗികള്‍ക്ക് കൃത്യസമയത്ത് ചികിത്സയും തുടര്‍ ചികിത്സയും ലഭ്യമാക്കാന്‍ ഡിജിറ്റല്‍ സെന്‍റര്‍ സഹായിക്കും.  ആശുപത്രിയില്‍ പരിശോധനക്കോ തുടര്‍ ചികിത്സക്കോ ഒരു രോഗി വരുന്നില്ലെങ്കില്‍ ഡിജിറ്റല്‍ സെന്‍ററിലെ ഡോക്ടര്‍മാര്‍ ഈ രോഗിയെയോ കുടുംബാംഗങ്ങളെയോ ബന്ധപ്പെടും. എന്തുകൊണ്ട് രോഗിക്ക് എത്താന്‍ കഴിഞ്ഞില്ലെന്ന് മനസ്സിലാക്കും. അതിന് ശേഷം ആശുപത്രിയുമായി ബന്ധപ്പെട്ട് ഏറ്റവും അടുത്ത ദിവസം രോഗിക്ക് ചികിത്സക്കോ പരിശോധനക്കോ ഉള്ള സമയം വാങ്ങിക്കൊടുക്കും. ഈ രീതിയിലാണ്  തുടര്‍ ചികിത്സ മുടങ്ങാതിരിക്കാന്‍ ഡിജിറ്റല്‍ സെന്‍റര്‍ ശ്രദ്ധിക്കുക.  ഇത്തരം കാര്യങ്ങളില്‍ നിന്ന് ആശുപത്രിക്ക് പുര്‍ണമായും ഒഴിവാകാനും ചികിത്സയില്‍ കൂടുതല്‍ ശ്രദ്ധിക്കാനും കഴിയും.

ഡിജിറ്റല്‍ നെര്‍വ് സെന്‍ററില്‍ 40-ലേറെ ഡോക്ടര്‍മാരെ ടാറ്റ നിയോഗിക്കുന്നുണ്ട്. ആര്‍സിസിക്കു ലഭിക്കുന്ന സേവനം പൂര്‍ണമായും സൗജന്യമാണ്.  ടാറ്റാ ട്രസ്റ്റാണ് ഇതിനുള്ള ചെലവ് വഹിക്കുക.   ആര്‍സിസിയിലെ പദ്ധതിയുടെ പ്രയോജനം വിലയിരുത്തി സംസ്ഥാനത്തെ മറ്റു പ്രധാന ആശുപത്രികളെയും ഡിജിറ്റല്‍ നെര്‍വ് സെന്‍ററിന്‍റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ടിസിഎസ് വൈസ് പ്രസിഡണ്ട് (ഹെല്‍ത്ത്കെയര്‍) ഗിരീഷ് കൃഷ്ണമുര്‍ത്തി, എച്ച് എസ് ഡി ശ്രീനിവാസ് (ടാറ്റാ ട്രസ്റ്റ്) എന്നിവരാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്.  ആരോഗ്യമന്ത്രി കെ കെ ശൈലജ, ആര്‍സിസി ഡയറക്ടര്‍ ഡോ. പോള്‍ സബാസ്റ്റ്യന്‍, ടിസിഎസ് വൈസ് പ്രസിഡണ്ട് ധനേഷ് തമ്പി (ഡെലിവറി സെന്‍റര്‍ ഹെഡ്, കേരള), പത്മനാഭന്‍ പ്രേം കിഷോര്‍ (സീനിയര്‍ കണ്‍സള്‍ടന്‍റ്, ടിസിഎസ്) തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here