ലണ്ടന്‍:ഫൈസര്‍ – ബയോണ്‍ടെക് വാക്സിന് അംഗീകാരം നല്കുന്ന ലോകത്തെ ആദ്യ രാജ്യമായ ബ്രിട്ടനില്‍ ആദ്യ ഗഡുവായി എട്ട് ലക്ഷം ഡോസ് വാക്സിന് എത്തി. ലോകത്താദ്യമായി കൊവിഡ് പ്രതിരോധ കുത്തിവയ്പ് തുടങ്ങുന്ന ബ്രിട്ടനില്‍ ചൊവ്വാഴ്ചയാണ് വാക്സിനേഷന് ആരംഭിക്കുന്നത്. അമേരിക്കന്‍ കമ്ബനിയായ ഫൈസറും ജര്‍മ്മന്‍ കമ്ബനിയായ ബയോണ്‍ടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിന് ആണ് ബ്രിട്ടനില്‍ ഉപയോഗിക്കുന്നത്. ഒരാള്‍ക്ക് രണ്ട് ഡോസ് വീതം നാല് ലക്ഷം പേര്‍ക്ക് കുത്തിവയ്പ് നടത്താം.
നാല് കോടി ഡോസ് ആണ് ബ്രിട്ടന് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. ഇത് രണ്ട് കോടി ആളുകള്‍ക്കേ തികയൂ. 6.6 കോടിയാണ് ബ്രിട്ടനിലെ ജനസംഖ്യ. മുഴുവന്‍ ജനങ്ങള്‍ക്കും കുത്തിവയ്പെടുക്കാന്‍ ഇനിയും പത്ത് കോടിയോളം ഡോസുകള്‍ വേണ്ടിവരും. ബെല്‍ജിയത്തിലെ ഫൈസര്‍ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വാക്സിന് അവിടെ നിന്ന് യൂറോടണല്‍ വഴി ട്രെയിനിലാണ് ബ്രിട്ടനില്‍ എത്തിച്ചത്. അജ്ഞാത കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന വാക്സിന് കുത്തിവയ്പ് നടത്തുന്ന ആശുപത്രികളില്‍ എത്തിക്കും. ബ്രിട്ടന് ആവശ്യപ്പെട്ട നാല് കോടി ഡോസും ഈ മാസം തുടര്‍ച്ചയായി ബെല്‍ജിയം പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കും.
മൈനസ് 70 ഡിഗ്രി തണുപ്പില്‍ വേണം ഫൈസര്‍ വാക്സിന് സൂക്ഷിക്കേണ്ടത്. ഈ തണുപ്പിലുള്ള ഡ്രൈ ഐസ് ( ഖര രൂപത്തിലുള്ള കാര്‍ബണ്‍ ഡയോക്സൈഡ് വാതകം ) നിറച്ച പെട്ടികളില്‍ ആണ് വാക്സിന് സൂക്ഷിക്കുന്നത്. ആശുപത്രികളില്‍ ഈ സൗകര്യം ഉള്ളതിനാല്‍ അവിടെ ആയിരിക്കും ആദ്യ വാക്സിനേഷന്. കെയര്‍ ഹോമുകളിലെ വൃദ്ധജനങ്ങള്‍, ജീവനക്കാര്‍, 80 വയസിന് മുകളിലുള്ളവര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്.