തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 വാക്‌സിനേഷന്‍റെ പ്ലാനിംഗിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാക്സിനേഷനുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ആശങ്ക വർധിക്കുന്ന സാഹചര്യത്തിലാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് അറിയിച്ചത്.

രാജ്യത്തും സംസ്ഥാനത്തും കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ കിട്ടുമോയെന്ന ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയും പല കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും പ്രോട്ടോക്കോള്‍ ലംഘിക്കുകയും ചെയ്യുന്നു. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അതിനാലാണ് കൊവിഡ് വാക്‌സിനേഷന്‍ സെഷനുകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതെന്ന് കെകെ ശൈലജ വ്യക്തമാക്കി.

ഏപ്രിൽ 22 മുതൽ ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകൾ മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ വഴി മാത്രമായിരിക്കും ലഭ്യമാക്കുക. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാവുകയില്ല. ക്യൂ ഒഴിവാക്കാനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ സെന്‍ററുകളിൽടോക്കൺ വിതരണം ചെയ്യുകയുള്ളൂ.

വാക്സിനേഷനുള്ള മുൻഗണന പട്ടികയിലുള്ളവർക്ക് സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേന രജിസ്ട്രേഷൻ നടത്തുന്നതന് ജില്ലകൾ മുൻകൈയെടുക്കേണ്ടതാണ്.

സർക്കാർ, സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ലഭ്യതയെ അടിസ്ഥാനമാക്കി കോവിൻ വെബ്സൈറ്റിൽ സെഷനുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യുന്നുവെന്ന് ജില്ലകൾ ഉറപ്പുവരുത്തേണ്ടതാണ്.

വാക്സിനേഷൻ സെഷനുകളിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. കൈകൾ ശുചിയാക്കാൻ സൈനിറ്റൈസർ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കണം

അതാത് വാക്സിനേഷൻ കേന്ദ്രങ്ങളിലെ കൊവിഷീൽഡിന്‍റെയും കോവാക്സിന്‍റെയും ലഭ്യതയനുസരിച്ച് പ്ലാൻ ചെയ്യുകയും ആ വിവരം പൊതുജനങ്ങളെ അറിയിക്കുകയും വേണം.

45 വയസിന് മുകളിലുള്ള പൗരന്മാർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും കൊവിഡ് വാക്സിൻ സമയബന്ധിതമായി നൽകണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും രണ്ടാം ഡോസ് നൽകണം എന്നിവയാണ് മാർഗനിർദേശങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here