ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്ന ആദ്യത്തെ കോവിഡ് -19 വാക്സിന്‍ കോവിഷീല്‍ഡ് ആയിരിക്കുമെന്ന് വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിനാണ് കോവിഷീല്‍ഡ്. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് യു.കെ അനുമതി നല്‍കിയാല്‍ ഇതേ വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമോ എന്ന കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

അടുത്ത ആഴ്ച ഓക്സ്ഫോര്‍ഡ് കോവിഡ് -19 വാക്സിന് യു.കെ അനുമതി നല്‍കുമെന്നാണ് കരുതുന്നതെന്നും ഈ തീരുമാനം കാത്തിരിക്കുകയാണ് ഇന്ത്യയെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍, കോവിഷീല്‍ഡ് നിര്‍മ്മിക്കുന്നത് പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്.

‘യു.കെ അധികൃതര്‍ ഓക്സ്ഫോര്‍ഡ് വാക്സിന്‍ അംഗീകരിച്ചുകഴിഞ്ഞാല്‍, ഇന്ത്യയില്‍ വാക്സിന് അടിയന്തിര അംഗീകാരം നല്‍കുന്നതിനുമുമ്ബ് സി.ഡി‌.എസ്‌.സി.ഒ യിലെ കോവിഡ് -19 സംബന്ധിച്ച വിദഗ്ദ്ധ സമിതി യോഗം ചേരുകയും വിദേശത്തും ഇന്ത്യയിലും നടത്തിയ ക്ലിനിക്കല്‍ വിലയിരുത്തലുകളില്‍ നിന്നുള്ള സുരക്ഷയും രോഗപ്രതിരോധ ഡാറ്റയും സമഗ്രമായി അവലോകനം ചെയ്യുകയും ചെയ്യും,’ പേര് വെളിപ്പെടുത്താത്ത ഔദ്യോഗിക ഉറവിടങ്ങളെ ഉദ്ധരിച്ച്‌ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളിലായതിനാല്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കാന്‍ കുറച്ച്‌ സമയമെടുക്കുമെന്ന് അധികൃതര്‍ കരുതുന്നു. അതേസമയം, യു‌.എസിലും യു.കെയിലും അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ഫൈസര്‍, സമാനമായ അനുമതിക്ക് ഇന്ത്യയില്‍ ഇതുവരെ അപേക്ഷിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here