ഇന്ത്യയിലാകെ പടര്‍ന്ന ഡെല്‍റ്റാ വകഭേദത്തിലെ മ്യൂട്ടേഷനിലെ അതിവ്യാപനശേഷി, മരുന്നിനെ പ്രതിരോധിക്കാനുള്ള ബീറ്റ വകഭേദത്തിനുള്ള ശേഷി. ഇതിനൊക്കെ പുറമേ മനുഷ്യകോശങ്ങളില്‍ കയറാനും അവിടെ പറ്റിപ്പിടിച്ചു കിടക്കുവാനും വയറസിനെ സഹായിന്നുന്ന സ്‌പൈക്ക് പ്രോട്ടീനില്‍ വന്ന മ്യൂട്ടേഷനുകള്‍ വേറെയുംം…. കോവിഡ് വ്യാപനത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുണ്ടായ മിക്കവാറും എല്ലാ മ്യൂട്ടേഷനുകളുടെയും പ്രത്യേകതകള്‍ ഉള്ളതാണ് ബോത്സ്വാനയില്‍ കണ്ടെത്തിയ ബി 1.1.529 വകഭേദം.

ലോകാരോഗ്യ സംഘടന ഓമിക്രോണ്‍ എന്നു നാമകരണം ചെയ്ത ഈ വകഭേദത്തിനു ആകെ 50 ജനിത വ്യതിയാനങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇതിന്റെ സ്‌പൈക്കിനു 32 ജനിതക മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. നിലവിലെ വാക്‌സിനുകളുടെയെല്ലാം ലക്ഷ്യം സ്‌പൈക്ക് പ്രോട്ടീനായിട്ടും, വാക്‌സിനുളുടെ പ്രഭാവം 40 ശതമാനത്തോള കുറയ്ക്കാന്‍ ഇവയ്ക്കാവുമെന്നാണ് കണക്കു കൂട്ടുന്നത്. എന്നുമാത്രമല്ല, മരുന്യഷരിലെ രോഗപ്രതിരോധ സംവിധാനങ്ങളെ നിര്‍വീര്യമാക്കുവാനും ഓമിക്രോണ്‍ വകഭേദത്തിനു കഴിവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എയ്ഡ്‌സുപോലെ പ്രതിരോധശേഷി കുറവുള്ള ഒരു രോഗിയിലുണ്ടായ കടുത്ത അണുബാധയില്‍നിന്നായിരിക്കാം ഈ വകഭേദം രൂപപ്പെട്ടതെന്ന് ലണ്ടന്‍ ആസ്ഥാനമായ യു.സി.എല്‍ ജനറ്റിക്‌സ് ഇന്‍സ്റ്റിറ്യൂട്ട് ഡയറക്ടര്‍ ഫ്രാങ്കോയിസ് ബലൂക്‌സ് പറയുന്നു. ഈയാഴ്ച ദക്ഷിണാഫ്രിക്കയിലാണ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ബോട്‌സ്വാന ഉള്‍പ്പെടെയുള്ള സമീപ രാജ്യങ്ങളിലേക്കു വ്യാപിച്ചു. ഹോങ്‌കോങ്ങിലും രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരിലാണ് ഇതു കണ്ടെത്തിയത്.

ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമായ ഓമിക്രോണിന്റെ പേരാണ് മ്യൂട്ടേഷന്‍ സംഭവിച്ച വയറസിനു നല്‍കിയിരിക്കുന്നത്. 77 പേരിലാണ് ലോകത്തിതുവരെ ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ബോത്സ്വാന, ഹോങ്കോംഗ്, ഇസ്രയേല്‍ എന്നിവിടങ്ങളിലാണ് ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം ഇപ്പോഴുള്ളത്.

നിലവിലുള്ള വാക്‌സിനുകള്‍ക്കു പുതിയ വകഭേദത്തിനു ഫലപ്രദമാണോയെന്ന് അറിയാന്‍ ആഴ്ചകളോളമെടക്കുമെന്നു ലോകാരരോഗ്യ സംഘടന വെളിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് പുതിയവകഭേദത്തെ ലോകരാജ്യങ്ങള്‍ ഭയക്കുന്നത്.

കോവിഡ് വീണ്ടും ലോകത്തെ ഞെട്ടിപ്പിക്കുമ്പോള്‍ ഏല്ലായിടത്തും ഭീതിയില്‍ നിഴലിച്ച മുന്നൊരുക്കങ്ങളാണ് ദൃശ്യമാകുന്നത്. യൂറോപ്യന്‍ യൂണിയനു പുറമേ അമേരിക്കയടക്കം എട്ടു രാജ്യങ്ങള്‍ ആഫ്രിക്കന്‍ വിമാനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി. എല്ലാ വിമാനസര്‍വീസുകള്‍ നിരോധിച്ചിട്ടില്ല. ഇന്ത്യയും ജാഗ്രതാ നടപടികള്‍ തുടങ്ങി. എന്നാല്‍ വിമാനങ്ങളെ നിരോധിച്ചിട്ടില്ല.

അതേസമയം, ദക്ഷിണാഫ്രിക്കയിലെ വകഭേദം യൂറോപ്പിലെ ബെല്‍ജിയത്തിലും റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്ക വര്‍ദ്ധിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here