ഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് വാക്‌സീന്‍ ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി തേടി ഫൈസര്‍. വാക്‌സിന്‍ വിതരണം ചെയ്യാന്‍ അടിയന്തരാനുമതി തേടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് ഫെസര്‍ അപേക്ഷ നല്‍കി. വാക്‌സിന്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാന്‍ അനുവദിക്കണം എന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നില്ല. ഇന്ത്യയില്‍ പരീക്ഷണം നടത്തിയ വാക്‌സിനുകള്‍ക്കാണ് സാധാരണ അനുമതി നല്‍കാറുള്ളത്. ആറു വാക്‌സിനുകളാണ് രാജ്യത്തു വിവിധഘട്ട പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവയെല്ലം അവസാനഘട്ട പരീക്ഷണം നടത്തി വരികയാണ്. എന്നാല്‍ ഫൈസര്‍ വാക്‌സീന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കണമെന്നത് ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.

ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസറിന്റെ വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാന്‍ ആദ്യം അനുമതി നല്‍കിയത് ബ്രിട്ടനാണ്. ചൊവ്വാഴ്ച മുതല്‍ ബ്രിട്ടനില്‍ ഉപയോഗിച്ചു തുടങ്ങും. വാക്‌സിന്‍ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് ഫൈസര്‍ അറിയിച്ചിരുന്നു. ജര്‍മന്‍ പങ്കാളിയായ ബയോടെക്കുമായി ചേര്‍ന്ന് നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ ഗൗരവമേറിയ പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്തിയില്ലെന്നും ഫൈസര്‍ അറിയിച്ചിട്ടുണ്ട്. ബ്രിട്ടണിന് പിന്നാലെ ബഹ്‌റൈനിലും വാക്‌സിന് അടിയന്തര അനുമതി നല്‍കിയിട്ടുണ്ട്.ഫൈസര്‍, മൊഡേണ എന്നീ വാക്‌സീനുകള്‍ക്ക് യുഎസിലും അടിയന്തര അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഴ്‌ച്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിന്‍ ലഭ്യമാക്കുമെന്ന്‌ നേരത്തെ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. ജനുവരി ആദ്യത്തോടെ ഇന്ത്യയില്‍ രണ്ട്‌ വാക്‌സിനുകള്‍ക്ക്‌ അടിയന്തര അനുമതി നല്‍കുമെന്ന്‌ എയിംസ്‌ ഡയറക്ടറും അറിയിച്ചു. ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന കോവിഡ്‌ വാക്‌സിന്‍ വിതരണം ചെയ്യുന്നതാവും ഇന്ത്യക്ക്‌ നല്ലതെന്നാണ്‌ വിദഗ്‌ധര്‍ സൂചിപ്പിക്കുന്നത്‌. കോവിഡ്‌ വാക്‌സിനുകള്‍ വിജയകരമായതോടെ ലോക ജനതക്ക്‌ ഇനി കോവിഡ്‌ രോഗം ഇല്ലാത്ത ഒരു ലോകത്തെ പറ്റി സ്വപ്‌നം കണ്ട്‌ തുടങ്ങാമെന്ന്‌ ലോകരോഗ്യ സംഘടന മേധാവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here