കേരളം ചരിത്രത്തിലേക്ക്: കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു, നഴ്‌സ് രേഷ്മയും വീട്ടിലേക്കു മടങ്ങി

0
19

കോട്ടയം: കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായി ഡിസ്ചാര്‍ജായത്.

ലോകത്തുതന്നെ 60 വയസിന് മുകളില്‍ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്‌കിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ദമ്പതികള്‍ മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് മടങ്ങിയെത്തി. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ എല്ലാ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.

ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് എട്ടിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

വിദഗ്ധ ചികിത്സയെ തുടര്‍ന്ന് നാലു ദിവസങ്ങള്‍ക്ക് മുമ്പ് ഓക്സിജന്റെ നില മെച്ചപ്പെടുകയും ശ്വാസംമുട്ടും ചുമയും കുറയുകയും ചെയ്തതിനാല്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ഒരിക്കല്‍ക്കൂടി കൊറോണ ടെസ്റ്റ് എടുക്കുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്തു. തുടര്‍ന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്. ഇപ്പോള്‍ രണ്ടുപേരുടെയും നില പ്രായാധിക്യമുള്ള അവശതകള്‍ ഒഴിച്ചാല്‍ തൃപ്തികരമാണ്.

വീട്ടിലെ ഒരംഗത്തെപ്പോലെ ഇത്രയും അവശതകളുള്ള വൃദ്ധ ദമ്പതികളെ ചികിത്സിച്ച ഒരു നഴ്സിനാണ് കൊറോണ രോഗം പിടിപെട്ടത്. സ്റ്റാഫ് നഴ്സ് രേഷ്മ മോഹന്‍ദാസും രോഗം ഭേദമായി ആശുപത്രി വിട്ടു. ഡിസ്ചാര്‍ജായപ്പോള്‍ തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് അവര്‍ വീട്ടിലേക്ക് പോയത്. 14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിനുശേഷം കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നാണ് രേഷ്മ പ്രതികരിച്ചു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ. ജയകുമാര്‍, ഡെ. സൂപ്രണ്ട് ഡോ. രാജേഷ്, ആര്‍.എം.ഒ. ഡോ. ആര്‍.പി. രെഞ്ജിന്‍, എ.ആര്‍.എം.ഒ. ഡോ. ലിജോ, നഴ്സിംഗ് ഓഫീസര്‍ ഇന്ദിര എന്നിവരുടെ ഏകോപനത്തില്‍ ഡോ. സജിത്കുമാര്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടര്‍മരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. 25 നഴ്സുമാരുള്‍പ്പെടെ 40 അംഗ മറ്റ് ജീവനക്കാരും ചികിത്സയില്‍ സജീവ പങ്കാളികളായി.

LEAVE A REPLY

Please enter your comment!
Please enter your name here