ഡല്‍ഹി: കോവിഡ് വ്യാപനം അടുത്തിടെ വര്‍ദ്ധിച്ച സംസ്ഥാനങ്ങള്‍ രോഗബാധ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുക, രോഗവ്യാപനം തടയുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയിലൂന്നിയ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലാ അധികാരികള്‍ കണ്ടെയിന്മെന്റ് സോണുകള്‍ കൃത്യമായി വേര്‍തിരിക്കുന്നുവെന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉറപ്പുവരുത്തണം. കണ്ടെയിന്മെന്റ് സോണുകളുടെ പട്ടിക ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കൈമാറണം.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് രാത്രി കര്‍ഫ്യൂ പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. എന്നാല്‍, കണ്ടെയിന്മെന്റ് സോണുകള്‍ക്കു പുറത്ത് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കോ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കോ അധികാരം ഉണ്ടാകില്ല.
അവശ്യ സാധനങ്ങള്‍ മാത്രമേ കണ്ടെയിന്മെന്റ് സോണുകളില്‍ അനുവദിക്കാവൂ. പ്രോട്ടോകോള്‍ പ്രകാരമുള്ള കോവിഡ് പരിശോധനകള്‍ ഉറപ്പാക്കണം. വീടുവീടാന്തരം കയറി ഇറങ്ങിയുള്ള നിരീക്ഷണം ഏര്‍പ്പെടുത്തണം. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സാ കേന്ദ്രത്തിലോ വീട്ടിലോ ഉടന്‍തന്നെ നിരീക്ഷണത്തിലാക്കണം. കണ്ടെയിന്മെന്റ് സോണുകള്‍ക്കു പുറത്ത് എല്ലാ കാര്യങ്ങള്‍ക്കും അനുമതി നല്‍കാമെങ്കിലും ചില കാര്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വേണം. രാജ്യാന്തര വിമാനയാത്രകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ. സിനിമാ ഹാളുകളും തീയേറ്ററുകളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. നീന്തല്‍ കുളങ്ങള്‍ കായിക താരങ്ങളുടെ പരിശീലനത്തിനുവേണ്ടി മാത്രം ഉപയോഗിക്കണമെന്നും നിര്‍ദേശിക്കുന്നു. സാമൂഹിക, മത, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക പരിപാടികള്‍ ഹാളിന്റെ 50 ശതമാനം ശേഷി മാത്രം ഉപയോഗപ്പെടുത്തി നടത്താം. അടച്ച ഹാളുകളില്‍ പരമാവധി 200 പേരെ മാത്രമേ അനുവദിക്കൂ.