കോഴിക്കോട്: മെട്രോമെഡ് ഹോസ്പിറ്റലില്‍ സ്ഥിതി ചെയ്യുന്ന ഡോ. അമ്പാടീസ് കാലിക്കറ്റ് സെന്റര്‍ ഫോര്‍ സര്‍ജറി (സിസിഎസ്) സമ്പര്‍ക്കരഹിതവും സ്വകാര്യത ഉറപ്പു നല്‍കുന്നതുമായ സ്തനാര്‍ബുദ പരിശോധനയ്ക്ക് തുടക്കം കുറിച്ചു. ഇന്ത്യയിലെ മുന്‍നിര എഐ അധിഷ്ഠിത സ്തനാര്‍ബുദ സ്ക്രീനിങ്ങ് കമ്പനിയായ നിരാമയ് ഹെല്‍ത്ത് അനലിറ്റിക്സുമായി സഹകരിച്ചാണ് സിസിഎസ് ഈ സേവനം വാഗ്ദാനം ചെയ്യുന്നത്. തെര്‍മല്‍ ഇമേജിങ്ങിനെ നിര്‍മിത ബുദ്ധിയുമായി സംയോജിപ്പിക്കുന്ന ഒരു ഓട്ടോമേറ്റഡ് ബ്രെസ്റ്റ് ഹെല്‍ത്ത് സ്ക്രീനിങ്ങ്, ഡയഗ്നോസ്റ്റിക് ഉപകരണമാണ് നിരാമയ് വികസിപ്പിച്ചെടുത്ത ‘തെര്‍മലിറ്റിക്സ്.’
സമ്പര്‍ക്കം ഒഴിവാക്കി, റേഡിയേഷന് ഇല്ലാതെ കൃത്യതയാര്‍ന്ന ഫലം നല്കുന്ന ഈ ഓട്ടോമേറ്റഡ് ഉപകരണം വഴി ഏതു പ്രായത്തിലുള്ള സ്ത്രീകളുടെയും സ്തനാര്‍ബുദ പരിശോധന നടത്താന്‍ കഴിയും. കൈയില്‍ കൊണ്ടു നടക്കാവുന്ന തെര്‍മലിറ്റിക്സ് വഴിയുള്ള പരിശോധനയ്ക്ക് ചെലവ് താരതമ്യേന കുറവാണ്. അതുവഴി സാധാരണക്കാര്‍ക്കും താങ്ങാവുന്നതായി കാന്‍സര്‍ പരിശോധന മാറുന്നു.
കോവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഹോം സ്ക്രീനിംഗ് സേവനങ്ങളും പ്രയോജനപ്പെടുത്താം. വീട്ടുപടിക്കല്‍ സേവനമെത്തും. സുരക്ഷാ മുന്‍കരുതലുകള്‍ മുഴുവനായും പാലിച്ച്, വനിതാ ടെക്നീഷ്യന്മാര് മാത്രമാണ് പരിശോധനകള്‍ നടത്തുന്നത്. കാലതാമസം ഒഴിവാക്കാന്‍ മുന്‍കൂട്ടി ബുക്കു ചെയ്യണം.
ശാരീരിക സമ്പര്‍ക്കം തീര്‍ത്തും ഒഴിവാക്കി, സ്വകാര്യത പൂര്‍ണമായും ഉറപ്പുവരുത്തിയാണ് പരിശോധന നടത്തുന്നത്. 18 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള സ്ത്രീകള്‍ക്ക് നിരാമയ് തെര്‍മലിറ്റിക്സ് വഴിയുള്ള പരിശോധന ഉചിതമാണ്. അടുത്തുള്ള ശരീരകോശങ്ങള്‍ക്കോ സിരകള്‍ക്കോ കോട്ടമുണ്ടാക്കാതെ, റേഡിയേഷന് ഇല്ലാതെ, തെര്‍മലിറ്റിക്സ് സ്ക്രീനിങ്ങ് വഴി നന്നേ ചെറിയ തടിപ്പുകളും മുഴകളും പോലും
കണ്ടെത്താനാവും.
ഡോ. അമ്പാടീസ് കാലിക്കറ്റ് സെന്റര്‍ ഫോര്‍ സര്‍ജറിയുമായുള്ള പങ്കാളിത്തം ഏറെ സന്തോഷകരമാണെന്ന് നിരാമയ് സ്ഥാപകയും സിഇഒ യുമായ ഡോ. ഗീത മഞ്ജുനാഥ് അഭിപ്രായപ്പെട്ടു. ‘ക്ലിനിക്കലി തെളിയിക്കപ്പെട്ട തെര്‍മലിറ്റിക്സ് സ്ക്രീനിംഗ് സേവനം രാജ്യമാസകലം വ്യാപിപ്പിക്കാനും അതുവഴി സ്ത്രീകളുടെ ജീവന് രക്ഷാ ഉപാധിയാക്കി മാറ്റാനുമാണ് ശ്രമം. കോവിഡ് മഹാമാരി നമ്മുടെ ജീവിതത്തെ അഭൂതപൂര്‍വമായ രീതിയിലാണ് സ്വാധീനിച്ചത്.
‘സ്ഥിരമായ ചെക്കപ്പുകള്‍ക്കും മറ്റ് അസുഖങ്ങള്‍ക്കും ആശുപത്രികളില്‍ പോകാന്‍ കഴിയാതായി. പുതിയതരം ആവശ്യങ്ങള്‍ നിറവേറ്റാനായി നിരവധി സേവനങ്ങളാണ് നിരാമയ് വാഗ്ദാനം ചെയ്യുന്നത്. സ്തനാര്‍ബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെയും പരിശോധനകള്‍ പതിവായി നടത്തേണ്ടതിന്റെയും പ്രാധാന്യത്തെപ്പറ്റി സ്ത്രീകളെ ബോധവത്കരിക്കാന്‍ നിരവധി സൗജന്യ പരിപാടികള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉപയോക്താക്കള്‍ക്ക് മികച്ച ശസ്ത്രക്രിയാ ആരോഗ്യ സേവനങ്ങള്‍ നല്കാന് പ്രതിജ്ഞാബദ്ധരാണെന്ന് സിസിഎസിന്റെ ചെയര്‍മാനും ചീഫ് ലാപ്രോസ്കോപിക് സര്‍ജനുമായ ഡോ. അബ്ദുറഹ്മാന് അമ്പാടി അഭിപ്രായപ്പെട്ടു. ‘സ്തനാര്‍ബുദ പരിശോധനയുടെ പ്രാരംഭഘട്ട സ്ക്രീനിങ്ങിനായി നിരാമയ് പോലുള്ള ഒരു നൂതന കമ്പനിയുമായി സഹകരിക്കുന്നത് രോഗികള്‍ക്ക് തീര്‍ച്ചയായും ഗുണം ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.