ദക്ഷിണകൊറിയയിലാണ് സംഭവം. ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നത് തടയാനായി 47,000 ത്തോളം പന്നികളെ അധികൃതര്‍ കൊന്നൊടുക്കിയതോടെ രക്തമൊഴുകി ഒരു നദിയാകെ ചുവന്നു. ഉത്തര – ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലൂടെ ഒഴുകുന്ന ഇംജിന്‍ നദിയാണ് ശരിക്കും ‘രക്തപ്പുഴ’യായിത്തീര്‍ന്നത്. ചുവന്ന നിറത്തില്‍ നദിയൊഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കനത്ത മഴ പെയ്തതോടെ, പന്നികളെ കൊന്നൊടുക്കിയ സ്ഥലത്തുനിന്നുള്ള രക്തം നദിയിലൊഴുകി ഇറങ്ങുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. സംഭവം വിവാദമായതോടെ ആഫ്രിക്കന്‍ പന്നിപ്പനി മനുഷ്യര്‍ക്ക് അപകടകരമല്ലെന്ന് അറിയിച്ചിരിക്കയാണ് ദക്ഷിണകൊറിയന്‍ അധികൃതര്‍. രക്തം ഒഴുകി നദിയില്‍ കലര്‍ന്നതോടെ മറ്റ് മൃഗങ്ങളിലേക്ക് രോഗം പടരുമെന്ന ആശങ്കവേണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ നിലപാട്.