9188 100 100 ല്‍ വിളിക്കൂ… ആംബുലന്‍സ് പാഞ്ഞെത്തും, പദ്ധതിയുമായി ഐ.എം.എ

ഐ.എം.എ കേരള പോലീസിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ആംബുലന്‍സ് ശൃംഖല വെള്ളിയാഴ്ച മുതല്‍

0

തിരുവനന്തപുരം: റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും കൈത്താങ്ങാകാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള പൊലീസുമായി ചേര്‍ന്ന അത്യാധുനിക ട്രോമ കെയര്‍ സേവനം നടപ്പാക്കുന്നു. വെള്ളിയാഴ്ച മുതല്‍ സംസ്ഥാനമൊട്ടാകെ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കും.

9188 100 100 എന്ന നമ്പറില്‍ വിളിച്ചാല്‍ ഉടനടി ആംബുലന്‍സ് സൗകര്യം ലഭ്യമാകും. സംസ്ഥാനത്തെ ആയിരത്തോളം ആംബുലന്‍സുകളെയാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള പൊലീസിന്റെയും രമേശ് കുമാര്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണു ഐ.എം.എ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. അപകടസ്ഥലത്തു നിന്നു ഈ നമ്പരിലേക്ക് വിളിച്ചാല്‍ തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലാണു കോള്‍ എത്തുക.

പ്രത്യേകമായി നിയോഗിച്ചിരിക്കുന്ന ജീവനക്കാര്‍ വിളിച്ചയാളുടെ കൃത്യസ്ഥലം മനസ്സിലാക്കി മാപ്പില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള അമ്പുലന്‍സിലെ ജീവനക്കാര്‍ക്ക് വിവരം കൈമാറും. അടുത്ത ഘട്ടത്തില്‍ മൊബൈല്‍ ആപ്പ് വരുന്നതോടെ തനിയെ ലൊക്കേഷന്‍ മനസ്സിലാക്കാന്‍ കഴിയും. തുടര്‍ന്ന് ഏറ്റവുമടുത്തുള്ള ആംബുലന്‍സ് ഡ്രൈവര്‍മാരുടെ മൊബൈലില്‍ അലര്‍ട്ട് നല്‍കും. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴിയും ഡ്രൈവറുടെ മൊബൈലില്‍ തെളിയും. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഏറ്റവുമടുത്ത ആശുപത്രി ലിസ്റ്റ് ചെയ്യുകയും അവിടെ നിയോഗിച്ചിരിക്കുന്ന നോഡല്‍ ഓഫിസര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ നമ്പര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. ഡിജിപി ലോക് നാഥ്
ബെഹ്‌റ ഐ.പി.എസ്, റേഞ്ച് ഐ.ജി.മനോജ് എബ്രഹാം ഐ.പി.എസ് , ഐ.എം.എ.സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ.ഉമ്മര്‍, സെക്രട്ടറി ഡോ.എന്‍.സുള്‍ഫി, ട്രോമ കെയര്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ.ശ്രീജിത്ത് എം.
കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here