ആദ്യ പത്തില്‍ ഹൃദ്രോഗവും പ്രമേഹവും അല്‍ഷിമേഴ്‌സും

20 വര്‍ഷത്തിനിടയില്‍ മനുഷ്യരെ മരണത്തിലേക്കു തള്ളിവിട്ട രോഗങ്ങളുടെ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് ലോകാരോഗ്യസംഘടന. 2000 മുതല്‍ 2019 വരെയുള്ള കണക്കുകള്‍ അവലോകനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഏറ്റവും കൂടുതല്‍പേരെ മരണത്തിലേക്കു തള്ളിവിട്ടത് ഹൃദയസംബന്ധമായ അസുഖങ്ങളാണെന്ന് പഠനം പറയുന്നു. 2000 -ത്തില്‍ ഹൃദ്രോഗങ്ങള്‍ മൂലമുണ്ടായ മരണം 2 ദശലക്ഷമായും 2019 -കഴിയുമ്പോള്‍ 9 ദശലക്ഷമായും ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആകെ 16 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഹൃദ്രോഗബാധയില്‍ രേഖപ്പെടുത്തിയത്.

എന്നാല്‍ 2000-ല്‍ പ്രധാന മരണകാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത് എച്ച്‌ഐവി / എയ്ഡ്‌സ് ബാധയായിരുന്നു. അന്ന് ഏട്ടാംസ്ഥാനത്തു കയറിപ്പറ്റിയ എച്ച്‌ഐവി / എയ്ഡ്‌സ് 2019 എത്തുമ്പോള്‍ 19-ാം സ്ഥാനത്തായി. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ലോകമെമ്പാടും നടത്തിയ ബോധവത്ക്കരണപ്രവര്‍ത്തനങ്ങളുടെ വിജയമായാണ് ഇതിനെ ലോകാരോഗ്യസംഘടന കാണുന്നത്.

ആഫ്രിക്കയിലും തെക്ക്-കിഴക്കന്‍ ഏഷ്യയിലും മനുഷ്യരെ കൊല്ലുന്നതില്‍ ക്ഷയരോഗവും പ്രധാന കാരണങ്ങളിലൊന്നായി തുടരുകയാണ്. ആദ്യപത്ത് മരണകാരണങ്ങളില്‍ പ്രമേഹവും ആല്‍ഷിമേഴ്സും ഇടംനേടി. പ്രമേഹം മൂലമുള്ള മരണങ്ങള്‍ 2000 നും 2019 നും ഇടയില്‍ 70% വര്‍ദ്ധിച്ചു. എന്നാല്‍ പ്രമേഹം ഏറ്റവും കൂടുതല്‍ വര്‍ധനവ് രേഖപ്പെടുത്തിയത് പുരുഷന്മാരിലാണ്. 2000 ന് ശേഷം 80% വര്‍ധന. അല്‍ഷിമേഴ്സ് കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 65 ശതമാനമാണ് ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്ക്.

LEAVE A REPLY

Please enter your comment!
Please enter your name here