ഡല്‍ഹി: ഡല്‍ഹിയിലെ നിസാമുദ്ദീന്‍ പ്രദേശം കൊറോണ ഭീതിയുടെ ശ്രദ്ധാകേന്ദ്രമായി മാറുന്നു. 200 ഓളം പേര്‍ക്ക് ഒരുമിച്ച് കൊറോണ ലക്ഷണങ്ങള്‍ സംശയിച്ച് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടായിരത്തോളം പേരാണ് ഇൗ മേഖലയില്‍ നിരീക്ഷണത്തിലുള്ളത്. സമ്മേളനത്തില്‍ പങ്കെടുത്ത മലയാളി ഡല്‍ഹിയില്‍ മരിച്ചു.
നിസാമുദ്ദീനിലെ ദള്ഗയില് മാര്‍ച്ച് 18നു നടന്ന മതചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് വൈറസ് ബാധ് സ്ഥിരീകരിച്ചു തുടങ്ങിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ഞൂറോളം പേരാണ് ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നത്. തമിഴ്നാട്ടിലും ജമ്മു കാശ്മീരിലുമായി ചടങ്ങില്‍ പങ്കെടുത്ത രണ്ടു പേര് മരിച്ചിരുന്നു. ഇവര്‍ക്ക് വൈറസ് ബാധ ഉണ്ടായിരുന്നോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പുതിയ സാഹചര്യത്തില്‍ നിസാമുദ്ദിനിലെ ദര്‍ഗയ്ക്കു സമീപമുള്ള പ്രദേശം പൂര്‍ണ്ണമായും പോലീസ് നിയന്ത്രണത്തിലാക്കി. ഡ്രോണുകള്‍ അടക്കം ഉപയോഗപ്പെടുത്തിയുള്ള നിരീക്ഷണവും ശക്തപ്പെടുത്തി. പങ്കെടുത്തവരില്‍ മലയാളികളുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട സ്വദേശിയായ ഡോ. എം. സലിമാണ് മരിച്ചതായി കണ്ടെത്തിയത്. രണ്ടു പത്തനംതിട്ട സ്വദേശികള്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തിലാണ്. മടങ്ങിയെത്തിയ ആറു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് പത്തനംതിട്ട ജില്ലാ അധികൃതര്‍ പറഞ്ഞു.
ഏഴു പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഞായറാഴ്ച 34 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച 150 ല്‍ അധികം പേരെ ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ആറു പേര് നിസാമുദ്ദീനില്‍ മതചടങ്ങുകളില്‍ പങ്കെടുത്തവരാണെന്നാണ് സൂചന. കൊല്‍ക്കത്ത വഴിയാണ് ഇവര്‍ പോര്‍ട്ട് ബ്ലെയറിലേക്കു മടങ്ങിയത്. ജമ്മു കാശ്മീരിലും ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും അടുത്തിടെ മരിച്ച ചിലര്‍ ഇൗ ചടങ്ങില്‍ പങ്കെടുത്തിരുന്നു.