‘മലയാളി’ അത്രപോര; പുതിയ പേരിന് സത്യന്‍

0

ശ്രീനിവാസനോടൊപ്പം വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേരും വിശേഷങ്ങളും സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. പി. ആര്‍. ആകാശ് എന്ന പേരുമാറ്റി പ്രകാശ് എന്ന് ഗസ്റ്ററില്‍ പരസ്യം ചെയ്യുന്ന നായകന്റെ കഥയാണെന്നും ചിത്രത്തിന്റെ പേര് ‘മലയാളി’ എന്നിട്ടതായും അദ്ദേഹം തന്നെയാണ് അറിയിച്ചത്. എന്നാല്‍ നായകനെപ്പോലെ, ചിത്രത്തിന് ആദ്യമിട്ട ‘മലയാളി’ എന്ന പേര് മാറ്റിയിരിക്കയാണ് അണിയറപ്രവര്‍ത്തകര്‍. ‘മലയാളി’ എന്നപേരില്‍ ഒരു ചിത്രമിറങ്ങിയിട്ടുണ്ടെന്നാണ് സത്യന്‍ അന്തിക്കാട് വിശദീകരിക്കുന്നത്. ‘വൈകി പേരിടുന്ന പതിവു രീതി മാറ്റുന്നു’ എന്ന മുഖവുരയോടെ ചിത്രത്തിന്റെ പേര് അവതരിപ്പിച്ചെങ്കിലും പുതിയ പേരിടല്‍ ചടങ്ങ് സത്യന്റെ പതിവ് രീതിപോലെ തന്നെ മുന്നോട്ടുപോകുമെന്നര്‍ത്ഥം.

ഫെയ്‌സ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

” കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തട്ടാന്‍ ഭാസ്‌കരന്റേയും സ്‌നേഹലതയുടേയും കഥയിലേക്ക് എന്നെ ആദ്യം ആകര്‍ഷിച്ചത് ‘പൊന്മുട്ടയിടുന്ന തട്ടാന്‍’ എന്ന പേരായിരുന്നു. രഘുനാഥ് പാലേരിയുടെ സങ്കല്പത്തില്‍ ആ ‘തട്ടാന്‍’ ഈശ്വരനാണ്. ‘പൊന്മുട്ട’ പ്രഭാത സൂര്യനും. അതിലെ കാവ്യഭംഗി മനസ്സിലാക്കാതെ തെറ്റിദ്ധരിച്ച് ചിലര്‍ എതിര്‍പ്പുമായി വന്നപ്പോള്‍ വിവാദത്തിനൊന്നും നില്‍ക്കാതെ ഞങ്ങള്‍ ‘തട്ടാനെ’ ‘താറാവാക്കി’ മാറ്റി.

ഇപ്പോള്‍, പുതിയ സിനിമയുടെ ആലോചനയുമായി ഇരിക്കുമ്പോള്‍ ശ്രീനിവാസന്‍ ഒരു കഥ പറഞ്ഞു. പി. ആര്‍. ആകാശ് എന്ന പ്രകാശന്റെ കഥ. ഇന്നത്തെ മലയാളിയുടെ പൊതു സ്വഭാവത്തെ മുന്‍നിര്‍ത്തിയുള്ള കഥയായതുകൊണ്ട് ‘മലയാളി’ എന്ന് പേരിട്ടാലോയെന്ന് തോന്നി. കേട്ടവര്‍ക്കെല്ലാം അതിഷ്ടമായി. ഫിലിം ചേംബറിന്റെ അനുവാദവും കിട്ടി. അങ്ങനെയാണ് ‘വൈകി പേരിടുന്ന പതിവു രീതി മാറ്റുന്നു’ എന്ന മുഖവുരയോടെ പേര് അനൗണ്‍സ് ചെയ്യുന്നത്.

‘ദൈവത്തെ ചിരിപ്പിക്കാന്‍ നമ്മുടെ ഭാവി പരിപാടികള്‍ പറഞ്ഞാല്‍ മതി’ എന്ന് കേട്ടിട്ടുണ്ട്. അക്ഷരം പ്രതി സത്യം. ദൈവം ചിരിച്ചു. ‘മലയാളി’ എന്ന പേരില്‍ മുന്‍പൊരു സിനിമ ഉണ്ടായിരുന്നുവെന്ന് ഞങ്ങള്‍ ഓര്‍ത്തിട്ടില്ലായിരുന്നു.

ആ സിനിമയുടെ നിര്‍മ്മാതാവടക്കം പലരും പറഞ്ഞു ‘സാരമില്ല, ഒരു സിനിമയുടെ പേരില്‍ തന്നെ പിന്നീട് സിനിമകള്‍ ഉണ്ടായിട്ടുണ്ടല്ലോ’.

എങ്കിലും ഞങ്ങള്‍ ആ പേര് മാറ്റുകയാണ്. മലയാളിത്തമുള്ള മറ്റൊരു പേരിനു വേണ്ടി നമുക്ക് കാത്തിരിക്കാം. അല്ലെങ്കിലും പേരിലല്ലല്ലോ, പ്രമേയത്തിലല്ലേ കാര്യം.”


Loading...

LEAVE A REPLY

Please enter your comment!
Please enter your name here