മതിലിനുമുകളിലിരുന്ന് ഇന്ദ്രന്‍സിനെ നേരില്‍ കണ്ട കഥ പറഞ്ഞ് ആളൊരുക്കം സംവിധായകന്‍

0

തിരുവനന്തപുരം: അറുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും നടന്‍ ഇന്ദ്രന്‍സിന് സംസ്ഥാനഅവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ആളൊരുക്കം. മാധ്യമപ്രവര്‍ത്തകനായ വി.സി. അഭിലാഷാണ് ആളൊരുക്കത്തിന്റെ സംവിധായകന്‍. നടന്‍ ഇന്ദ്രന്‍സിനെ ആദ്യമായി കണ്ട കഥ അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ വെളിപ്പെടുത്തി. നെടുമങ്ങാട് കൊല്ലങ്കാവിലെ ഒരു വീട്ടില്‍ ഷൂട്ടിങ്ങിനെത്തിപ്പോഴാണ് ‘എട്ടാംക്ലാസുകാരനായ’ സംവിധായകന്‍ ഇന്ദ്രന്‍സിനെ ആദ്യമായി നേരില്‍ കണ്ടത്. അതും മതിലിനുമുകളില്‍ വലിഞ്ഞുകയറിയിരുന്ന് നോക്കിയിരുന്നപ്പോള്‍ ചിരിച്ചുകൊണ്ട് ഇന്ദ്രന്‍സ് പുറത്തേക്ക് വന്നു. കുടക്കമ്പീയെന്നൊക്കെ ആളുകള്‍ വിളിച്ചുകൂവുന്നതിനിടയിലൂടെ ഇന്ദ്രന്‍സ് കാറില്‍ കയറിപ്പോയ കഥയാണ് സംവിധായകന്‍ വെളിപ്പെടുത്തിയത്. ചിത്രം ഏപ്രില്‍ തിയറ്ററുകളിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ടവരെ,

ഒരു രഹസ്യം പറയട്ടെ ?

ജീവിതത്തില്‍ ഞാന്‍ ആദ്യമായി
നേരിട്ട് കണ്ട നടനായിരുന്നു
ഇന്ദ്രന്‍സ്.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോളാണ്.
എന്റെ നാടായ നെടുമങ്ങാട്ട്
കൊല്ലങ്കാവിലെ ഒരു മണിമാളികയില്‍
സിനിമാ ഷൂട്ടിങ് നടക്കുന്നു.
ഉച്ചയ്ക്ക് ക്ലാസില്‍ കയറാതെ
ആ വീടിന്റെ വലിയ മതിലില്‍
പത്ത് നൂറാളുകള്‍ക്കൊപ്പം
അള്ളിപ്പിടിച്ച് കയറി ഇരുന്നത്
ഓര്‍മയുണ്ട്.

ഏറെ നേരം കഴിഞ്ഞപ്പോ
അതാ ഒരാളിറങ്ങി വരുന്നു..
ആളുകള്‍ ചിരിക്കുന്നു..
ഇന്ദ്രന്‍സ്.. ഇന്ദ്രന്‍സ്.. എന്ന്
പിറുപിറുക്കുന്നു.
‘കൊടക്കമ്പീ’യെന്നും
‘അരളി’വേരേയെന്നും
പീക്കിരി പിള്ളേര്‍ വരെ
വിളിച്ച് കൂവുന്നു.

എന്നാല്‍ റോഡ് ക്രോസ് ചെയ്ത്
ഒരു മാരുതി കാറിലേക്ക് കയറും വരെ
അയാള്‍ എല്ലാവരെയും നോക്കി
ചിരിച്ച് തലയാട്ടുന്നത്
എനിക്കിപ്പോഴും ഓര്‍മയുണ്ട്.

ഇന്നിപ്പോ,

പലവട്ടം വഴുതി മാറിപ്പോയ
ഒരു വലിയ പുരസ്‌കാരം
എന്റെ പപ്പുപ്പിഷാരടിയിലൂടെ
ആ മനുഷ്യന് ആദ്യമായി കിട്ടുമ്പോള്‍
എന്നിലെ ചേതോവികാരം
ഞാനെങ്ങനെ പറഞ്ഞറിയിക്കും!

എന്നെ വിശ്വസിച്ച് ഈ സിനിമയ്ക്ക് അടിത്തറയൊരുക്കിയ എന്റെ
പ്രിയപ്പെട്ട ജോളി സര്‍, വര്‍ഗീസിച്ചായന്‍,
ജോസ് ആന്റണിച്ചായന്‍,ബെന്നി ചേട്ടന്‍,
നാന്‍സി.. ഈ നല്ല മനുഷ്യരുടെ കുടുബാംഗങ്ങള്‍,
ആളൊരുക്കത്തിന്റെ യഥാര്‍ത്ഥ കരുത്തായിരുന്ന എന്റെ ടീമംഗങ്ങള്‍, ഈ സന്തോഷത്തെ
സ്വന്തം നേട്ടമായി കണ്ട് ഒപ്പം നില്‍ക്കുന്ന ജനയുഗത്തിലെ ചങ്ക് സഹപ്രവര്‍ത്തകര്‍,
ഓരോ നിമിഷവും എനിക്ക് പ്രോത്സാഹനം
നല്‍കുന്ന എന്റെ നെടുമങ്ങാട്ടെ നാട്ടുകാര്‍,
കൂട്ടുകാര്‍, സംഘടനകള്‍, സഹപാഠികള്‍,
അധ്യാപകര്‍, സോഷ്യല്‍ മീഡിയയിലെ
ഞെരിപ്പ് സൗഹൃദങ്ങള്‍,
കൂട്ടത്തില്‍ നിന്നൊരാള്‍ക്ക് കിട്ടിയ നേട്ടത്തെ ഹൃദയത്തിലേറ്റി പിന്തുണച്ച
മാധ്യമ സുഹൃത്തുക്കള്‍..

കൂടെ നിന്നവരോടും പിന്തുണയ്ക്കുന്നവരോടും ആളൊരുക്കത്തിന്റെ പേരില്‍ നന്ദി പറയുന്നു. ??

ആളൊരുക്കം ഏപ്രിലില്‍ തീയേറ്ററിലേക്ക്
എത്തുമെന്ന് കൂടി അറിയിക്കട്ടെ..?

എല്ലാവരും സിനിമ ആദ്യ ദിവസം കാണാന്‍ ശ്രമിക്കുമെന്ന പ്രതീക്ഷയോടെ,

വിനയപൂര്‍വ്വം
വി സി അഭിലാഷ്


Loading...

LEAVE A REPLY

Please enter your comment!
Please enter your name here