ഈ ‘അങ്കിളി’നോട് ഏറ്റുമുട്ടാന്‍ യുവതാരങ്ങള്‍

0

ചിത്രങ്ങള്‍ തൊരുതൊരാ പൊട്ടിയാലും മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കുലുക്കമൊന്നുമുണ്ടാകില്ലെന്നതാണ് ചരിത്രം. ഏതെങ്കിലും ഒരു മെഗാഹിറ്റുമായി മമ്മൂക്ക കളം പിടിക്കും. സമീപകാലത്ത് വളരെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ‘പരോള്‍’ പ്രേക്ഷകര്‍ കൈവിട്ടിരുന്നു. വരുന്ന വെള്ളിയാഴ്ച (ഏപ്രില്‍ 27) റിലീസാകുന്ന ‘അങ്കിളി’ലാണ് ഇനി പ്രതീക്ഷ. ‘ഷട്ടര്‍’ എന്ന ചിത്രത്തിനുശേഷം നടന്‍ ജോയ്മാത്യു തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ആരാധകര്‍ മാത്രമല്ല, നല്ല സിനിമയെ സ്‌നേഹിക്കുന്നവരും കാത്തിരിക്കുന്നൂവെന്നതാണ് യാഥാര്‍ത്ഥ്യം. മമ്മൂട്ടി നെഗറ്റീവ് റോളില്‍ പ്രത്യക്ഷപ്പെടുമോയെന്ന ആകാംക്ഷയിലാണ് ആരാധകരും.
എന്നാല്‍ ഈ ‘അങ്കിളി’നോട് ഏറ്റുമുട്ടാവന്‍ ഒരുപിടി യുവതാരചിത്രങ്ങളാണ് വരുംആഴ്ച റിലീസാകുന്നത്.

പ്രേമം എന്ന ചിത്രത്തിനുശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘തൊബാമ’യാണ് ഇവയില്‍ പ്രധാനം. ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, കൃഷ്ണശങ്കര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താരനിരകള്‍ ഒന്നുമില്ലെങ്കിലും അല്‍ഫോണ്‍സ് ചിത്രത്തിനും ഏറെ പ്രതീക്ഷയുണ്ട്. പുതുമുഖം ടി.വി. അശ്വതി, മൊഹ്‌സിന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘തൊബാമ’യുടെ തിരക്കഥ.

സുരാജ് വെഞ്ഞാറമൂടും റിമ കല്ലിങ്കലും പ്രധാനവേഷത്തിലെത്തുന്ന ‘ആഭാസ’മാണ് മറ്റൊരു ചിത്രം. ചിത്രത്തിന്റെ ട്രെയിലര്‍ യുട്യൂബില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖം ജുബിത് നമ്രാഡത്താണ് സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. പിച്ചൈക്കാരന്‍ എന്ന തമിഴ്ചിത്രത്തിലൂടെ ശ്രദ്ധേയനായ കാമറാമാന്‍ പ്രസന്ന എസ്.കുമാറാണ് ‘ആഭാസ’ത്തിന് ഛായാഗ്രാഹണം ചെയ്യുന്നത്.

വിനീത് ശ്രീനിവാസന്റെ ‘അരവിന്ദന്റെ അതിഥിക’ളാണ് മറ്റൊരു ചിത്രം. കുടുംബപ്രേക്ഷകരെ ലക്ഷ്യമിടുന്ന ചിത്രത്തില്‍ ശ്രീനിവാസനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. എം മോഹനാണ് സംവിധാനം. രാജേഷ് രാഘവനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

ചെമ്പന്‍ വിനോദും ബാലു വര്‍ഗീസും ഒന്നിക്കുന്ന ‘പ്രേമസൂത്ര’മാണ് മറ്റൊരു പ്രധാന റിലീസ്. ഇതിനകം തന്നെ ഈ ചെറുചിത്രത്തിന്റെ പാട്ടുകളും ട്രെയിലറുകളും ഹിറ്റായിട്ടുണ്ട്. ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന ചിത്രത്തിനുശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചെറുചിത്രമാണ് ‘പ്രേമസൂത്രം’

ഉണ്ണിമുകുന്ദന്‍ വ്യത്യസ്ത ഗറ്റപ്പുകളില്‍ എത്തുന്ന ‘ചാണക്യതന്ത്ര’മാണ് മമ്മൂക്കയുടെ അങ്കിളിനൊപ്പം എത്തുന്ന മറ്റൊരു യുവചിത്രം. സ്ത്രീവേഷത്തിലടക്കം ഉണ്ണിയുടെ ഗറ്റപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ണന്‍താമരക്കുളമാണ് ചിത്രത്തിന്റെ സംവിധാനം.

സുവീരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മഴയത്ത്’ ആണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു ചിത്രം. അപര്‍ണാ ഗോപിനാഥ്, നികേഷ് റാം, ബാലനടി നന്ദനവര്‍മ്മ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2011ല്‍ ദേശീയ അവാര്‍ഡ് നേടിയ ‘ബാരി’ എന്ന ചിത്രത്തിനുശേഷം സുവീരന്‍ ഒരുക്കിയ ചിത്രമാണ് ‘മഴയത്ത്’.

ഇത്തവണയും ചുള്ളനായ അങ്കിളായി സ്‌ക്രീനിലെത്തുന്ന മമ്മൂക്കയ്ക്ക് പത്മവ്യൂഹം തീര്‍ത്ത് ഒരുപിടി ചെറുബജറ്റ് യുവതാര ചിത്രങ്ങളാണ് രംഗത്തുള്ളത്. ഈ അങ്കിളിനെ ഇവരെല്ലാം ചേര്‍ന്ന് ഒതുക്കുമോയെന്ന് കണ്ടറിയാന്‍ വെള്ളിയാഴ്ച വരെ കാത്തിരിക്കണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here