മലയാളത്തിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ തിരക്കഥാകൃത്താണ് ഉദയകൃഷ്ണ. സിനിമകളിലെ സ്ത്രീവിരുദ്ധ, ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ കൊണ്ട് പലപ്പോഴും വിമര്‍ശനം നേരിട്ട ഉദയകൃഷ്ണ ഇനിമുതല്‍ അത്തരത്തില്‍ ഡയലോഗുകള്‍ എഴുതില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാള മനോരമ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉദയകൃഷ്ണ വിമര്‍ശനങ്ങളെ ഉള്‍കൊണ്ട് തന്‍റെ തിരുത്ത് അറിയിച്ചത്. ജാതി, തൊഴില്‍ എന്നിവ ആക്ഷേപിച്ച് കൊണ്ടുള്ള ഡയലോഗുകള്‍ പുതിയ സിനിമ ആറാട്ടിലുണ്ടാകില്ല. ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ജനതയോടാണ് സംസാരിക്കുന്നത്. അത് മറന്നുകൊണ്ട് ഒരു എഴുത്തുകാരനും മുന്നോട്ട് പോകാനാവില്ലെന്ന് ഉദയകൃഷ്ണ പറഞ്ഞു.

നേരത്തെയും ഉദയകൃഷ്ണ സിനിമകളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. സിനിമകളില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാന്‍ താരങ്ങള്‍ മുന്‍കൈയെടുക്കുകയാണ് ഫലപ്രദമായ മാര്‍ഗമെന്നും കാണികളെ ഹരം പിടിപ്പിക്കാനായി റേപ്പ് ചെയ്യാന്‍ തോന്നുന്നു എന്നുവരെ തിരക്കഥയില്‍ ഉള്‍ക്കൊള്ളിക്കുന്നത് എഴുത്തുകാരുടെ പരാജയമാണെന്നുമായിരുന്നു ഉദയകൃഷ്ണ പറഞ്ഞത്.

ഉദയകൃഷ്ണയുടെ വാക്കുകള്‍:

നീ വെറും പെണ്ണാണ്’ എന്ന ഡയലോഗിനു ജനം കയ്യടിക്കുന്നത് കണ്ടയാളാണ് ഞാന്‍. എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടു തന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാകുന്നു. അതുപോലെ, ജാതിപ്പേരു പറഞ്ഞും തൊഴിലിന്‍റെ പേരുപറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ പഴയ സിനിമയില്‍ കാണാം. ഇന്ന് ആരും അത് എഴുതില്ല. ഇത് ഒരേസമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണ്. ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ജനതയോടാണ് സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. അതു മറന്നുകൊണ്ട് ഒരു എഴുത്തുകാരനും മുന്നോട്ടുപോകാനാവില്ല”

ആറാട്ട് ഒരു മാസ് മസാല ചിത്രമായിരിക്കും. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന പടം. എന്നാല്‍, അതില്‍ സ്ത്രീ വിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവര്‍ക്കും കുടുംബത്തോടെ വന്നു കാണാവുന്ന എന്‍റര്‍ടെയിനര്‍ ആവും.”

LEAVE A REPLY

Please enter your comment!
Please enter your name here