പറഞ്ഞസമയത്ത് ‘മോഹന്‍ലാല്‍’ വരില്ല; ഇത്തവണ ചതിച്ചത് ജോഷിയല്ല

0

‘മോഹന്‍ലാല്‍ വരുമോ?’ വരില്ലേ….? എന്ന് ജഗതി കോട്ടയം കുഞ്ഞച്ചനില്‍ ചോദിച്ചപോലെയായി കാര്യങ്ങള്‍. ”അന്ന് ജോഷി ചതിച്ചാശാനേ..” എന്നുപറഞ്ഞ് കുഞ്ഞച്ചന്‍ തടിയൂരി. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം ‘മോഹന്‍ലാലി’ന്റെ വരവ് തടഞ്ഞത് ചതിച്ചത് ജോഷിയല്ല, അത് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍ ആണ്.

വിഷുവിന് കമ്മാരസംഭവവും ‘മോഹന്‍ലാല്‍’ എന്ന ചിത്രവും ഒരുമിച്ച്‌റിലീസ് ചെയ്യുന്നത് നടന്‍ ദീലീപും മഞ്ജുവാര്യരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി ചിത്രീകരിക്കപ്പെട്ടിരുന്നു. രാമലീലയും ഉദാഹരണം സുജാതയും ഇത്തരം പ്രചരണങ്ങളോടെ റിലീസ് ചെയ്തത് ഇരുചിത്രങ്ങള്‍ക്കും നല്ല നേട്ടമാണുണ്ടാക്കിയത്. ഇത്തവണ അതേ മാര്‍ക്കറ്റിംഗ് തന്ത്രം അണിയറപ്രവര്‍ത്തകര്‍ പ്രയോജനപ്പെടുത്താനിരിക്കെയാണ് കഥ മോഷ്ടിച്ചെന്ന കലവൂരിന്റെ പരാതിയെത്തുടര്‍ന്ന് മഞ്ജുച്ചിത്രം ‘മോഹന്‍ലാല’ന്റെ റിലീസ് കോടതി തടഞ്ഞത്. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയശേഷം കോടതി നടപടി. തൃശ്ശൂര്‍ ഫോര്‍ത്ത് അഡീഷണല്‍ ജില്ല കോടതിയുടേതാണ് വിധി. കലവൂര്‍ 2005ല്‍ എഴുതിയ ‘മോഹന്‍ലാലിനെ എനിക്ക് പേടിയാണ്’ എന്ന കഥ മോഷ്ടിച്ചാണ് ചിത്രം തയ്യാറാക്കിയത് എന്നാണ് രവികുമാറിന്റെ പരാതി.

കലവൂരിന് നഷ്ടപരിഹാരം നല്‍കി പ്രശ്‌നം രമ്യതയില്‍ തീര്‍ക്കാന്‍ ഫെഫ്ക ഇടപെട്ടിരുന്നെങ്കിലും കഥയുടെ ക്രഡിറ്റ് നല്‍കാമെന്നായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്്. നിലവില്‍ പത്തുലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വിലക്ക് നീക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സാജിദ് യഹിയ പറയുന്നത്. എങ്ങനെയും മോഹന്‍ലാലിനെ വിഷുവിന് തന്നെ തിയറ്ററുകളിലെത്തിക്കാനുള്ള അനുനയനീക്കങ്ങളും സജീവമാണ്.

Read More: ‘കഥ’ കോടതിയറി; ഇനിയിപ്പോ മോഹന്‍ലാല്‍ വരുമോ?


Loading...

LEAVE A REPLY

Please enter your comment!
Please enter your name here