പടങ്ങളെല്ലാം പൊട്ടി; കൈപൊള്ളി തമിഴകം, മാര്‍ച്ച് ഒന്നുമുതല്‍ പുതു റിലീസുകളുണ്ടാകില്ല

0

പുതുവര്‍ഷത്തുടക്കത്തില്‍ റിലീസ് ചെയ്ത സൂപ്പര്‍താര ചിത്രങ്ങളടക്കം എട്ടുനിലയില്‍ പൊട്ടിയതോടെ തമിഴ് സിനിമ പ്രതിസന്ധിയിലേക്ക്. മാര്‍ച്ച് ഒന്നുമുതല്‍ പുതുസിനിമകള്‍ റിലീസ് ചെയ്യില്ലെന്നാണ് കൈപൊള്ളിയ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുകെയും തീരുമാനം. ജനുവരിയില്‍ റിലീസായ സൂപ്പര്‍താരം വിക്രമിന്റെ സ്‌കെച്ചും സൂര്യയുടെ താനേസേര്‍ന്ത കൂട്ടവും നിരാശയാണ് സമ്മാനിച്ചത്. മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ്പ്പതിപ്പ് നിമിര്‍ വലിയ ചലനമുണ്ടാക്കിയില്ല.

വന്‍ പ്രതീക്ഷയോടെ എത്തിയ ചിത്രങ്ങളെയെല്ലാം പ്രേക്ഷകര്‍ കൈയൊഴിഞ്ഞതും ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിങ് ചാര്‍ജ് വര്‍ദ്ധനയുമെല്ലാം തമിഴകത്തെ നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കുന്നു. പുതിയ ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ വ്യാപകമാകുന്നതും തിരിച്ചടിയായി. ലാഭകരമല്ലെന്ന തീയറ്റര്‍ ഉടമകളുടെ പരാതിയെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ടിക്കറ്റ് വില ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ പ്രേക്ഷകരുടെ എണ്ണത്തിലും കുറവുണ്ടായി. കൊട്ടിഘോഷിച്ചെത്തുന്ന പൊട്ടപ്പടങ്ങളും സിനിമാപ്രേമികളെ തീയറ്ററില്‍ നിന്നകറ്റി. കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയ 90 ശതമാനം ചിത്രങ്ങളും പരാജയമായിരുന്നൂവെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

തമിഴ് റോക്കേഴ്‌സ് പോലുള്ള വെബ്‌സൈറ്റുകള്‍ വഴി പുറത്തുവരുന്ന വ്യാജപതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സിനിമ കാണുന്നതിലേക്ക് യുവതലമുറമാറുന്നതായി നിര്‍മ്മാതാവ് എസ്. ആര്‍. പ്രഭു പറയുന്നു. പൊട്ടപടങ്ങള്‍ക്ക് തലവച്ച് മടുത്തതോടെയാണ് പ്രേക്ഷകര്‍ തിയറ്ററുകളെ ഉപേക്ഷിച്ച് സിനിമ കാണുന്നതിന് പുതുവഴികള്‍ തേടുന്നത്. 80 ശതമാനം നിര്‍മ്മാതാക്കളും കളമൊഴിയേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം പറയുന്നു. പെറസിയെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായ നടപടിയെടുക്കാത്തതും വിനയായി.

തിയറ്ററിലെ കളക്ഷന്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളല്ല പുറത്തുവരുന്നതെന്നും ടിക്കറ്റ് വില്‍പന പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കുന്നത് വഴി ടിക്കറ്റ് വില്‍പന സുതാര്യമാക്കാമെന്നുമാണ് നിര്‍മ്മാതാക്കളുടെ പക്ഷം. എന്നാല്‍ തിയറ്ററുടമകളും നഷ്ടക്കണക്കാണ് നിരത്തുന്നത്. കൊട്ടിഘോഷിച്ചെത്തുന്ന സൂപ്പര്‍താര ചിത്രങ്ങളടക്കം പ്രേക്ഷകരെ വെറുപ്പിക്കുന്നതാണ് യഥാര്‍ത്ഥ പ്രതിസന്ധിയെന്ന് അവര്‍ പറയുന്നു. പൊട്ടപ്പടങ്ങള്‍ എടുക്കുന്ന നിര്‍മ്മാതാക്കളും ഈ പ്രതിസന്ധിക്ക് ഉത്തരവാദികളെന്നും തിയറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു സിനിമയ്ക്ക് ഒരാഴ്ച തികയ്ക്കാനുള്ള സമയം നല്‍കാതെ റിലീസ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വരുന്ന ഓണ്‍ലൈന്‍ സിനിമാ നിരൂപണങ്ങളും പ്രേക്ഷകരെ സ്വാധീനിക്കുന്നു. ഓണ്‍ലൈന്‍ വഴി മികച്ച പ്രതികരണം ലഭിക്കത്തവിധം പ്രചാരണം നടത്തി നേട്ടം കൊയ്യുന്ന നിര്‍മ്മാതാക്കളും ഉണ്ട്. നല്ലൊരുശതമാനം തുകയും ഇത്തരം പ്രചാരവേലകള്‍ക്ക് മാറ്റിവയ്ക്കുന്ന നിര്‍മ്മാതാക്കളുമുണ്ട്.

കിടിലന്‍ പടമെന്ന് വായിച്ചറിഞ്ഞ് തിയറ്ററുകളിലെത്തി പെട്ടുപോയവരും ഏറെയാണ്. അപ്പോഴേക്കും ലാഭവിഹിതം നിര്‍മ്മാതാവിന്റെ പോക്കറ്റിലായിരിക്കും. മലയാളത്തിലും അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളുടെ ഓണ്‍ലൈന്‍ നിരൂപണങ്ങള്‍ ഇത്തരത്തില്‍ പ്രേക്ഷകരെ വെട്ടിലാക്കിയിരുന്നു. സംവിധായകന് കാളരാത്രി നേര്‍ന്നുകൊണ്ടുള്ള കുറിപ്പുകള്‍ വരെ വൈറലാക്കുന്നതിന് പിന്നില്‍ ഈ ഓണ്‍ലൈന്‍ പ്രചാരവേലകളാണെന്ന് തിയറ്ററിലെത്തിയപ്പോഴാണ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. കാടുകയറുന്ന പുതിയ സിനിമയും ഇതേപാതയിലാണെന്നാണ് പലരും ഫെയ്‌സ്ബുക്ക് പേജില്‍ കുറിക്കുന്നത്. തമിഴിലായാലും മലയാളത്തിലായാലും പ്രചാരവേലകള്‍കൊണ്ട് ദീര്‍ഘകാലം പ്രേക്ഷകരെ പറ്റിക്കാമെന്ന ധാരണ പൊളിയുന്നതായാണ് തമിഴ്‌നാട്ടിലെ പ്രതിസന്ധി പഠിപ്പിക്കുന്നത്. ദീപാവലിക്ക് മുമ്പായി ഒരു സമരം നേരിട്ടതിനുശേഷം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് തമിഴ് സിനിമ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here