തിയറ്ററുകളെ ഇളക്കിമറിച്ച ചിത്രങ്ങളുടെ ശില്പിയാണ് ഷാജികൈലാസ്. ആറാംതമ്പുരാന്, നരസിംഹം തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ മീശപിരിച്ചുവച്ചത് മലയാള സിനിമാ ബോക്സോഫീസ് ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട്. മീശപിരിയും പഞ്ച് ഡയലോഗുമെല്ലാം മലയാളത്തില്‍ പുത്തന്ശൈലിയായി പടര്‍ന്നു. യുവതാരങ്ങള്‍ സൂപ്പര്താരപട്ടത്തിലേക്കു കയറാനുള്ള ആദ്യചവിട്ടുപടി ഷാജികൈലാസ് ചിത്രങ്ങള്‍ കാട്ടിത്തന്ന മീശപിരിക്കല്‍ കടമ്പയിലൂടെയായിരുന്നു.
ന്യൂജെന്‍ തരംഗത്തില്‍ ആനയും അമ്പാരിയും മീശപിരിക്കുമെല്ലാം അല്പം മങ്ങലേറ്റു. അടിപ്പടങ്ങളുടെ ആരവം വീണ്ടും വെള്ളിത്തിരയില്‍ നിറയ്ക്കാന്‍ സാക്ഷാല്‍ ഷാജി കൈലാസ് തിരിച്ചുവരികയാണ്.
യുവതാരം പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന ചിത്രത്തിന്റെ ആദ്യലുക്ക് ഇരുവരും ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു.
വനപാലകരെയെല്ലാം അടിച്ചുരുട്ടി ജീപ്പിനുചുറ്റുമിട്ട് ബോണറ്റില്‍ ഇരിക്കുന്ന നായകനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തൂവെള്ള വെള്ളമുണ്ടും ജുബ്ബയും കൂടിയായപ്പോള്‍ പഴയപണി മറന്നിട്ടില്ലെന്നുതന്നെയാണ് ഷാജി തെളിയിക്കുന്നത്. ആരാധകരും ആവേശത്തിലാണ്. ശേഷം ഭാഗം സ്ക്രീനില്‍…