സജിൻ ബാബു സംവിധാനം ചെയ്ത്, നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടുകയും, കനി കുസൃതിക്ക്‌ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുക്കുകയും ചെയ്ത ‘ബിരിയാണി’ ഇന്ന് മുതൽ ഒ.ടി.ടി. പ്ലാറ്റുഫോമിൽ ലഭ്യമാവും.

Cave എന്ന ഡിജിറ്റൽ റിലീസ് പ്ലാറ്റുഫോമിലാണ് ചിത്രം പ്രദർശനത്തിനെത്തുക. സാഹചര്യങ്ങളുടെ സമ്മർദ്ദം നിമിത്തം സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഖദീജ എന്ന യുവതിയുടെ ഒറ്റയാൾ പോരാട്ടവും ജീവിത സമരങ്ങളുമാണ് വിദേശ മേളകളെക്കൊണ്ട് പോലും മികച്ച അഭിപ്രായം പറയിപ്പിച്ച ‘ബിരിയാണി’.

‘അൺടു ദി ഡസ്ക്’ (അസ്തമയം വരെ) ‘അയാൾ ശശി’ തുടങ്ങിയ സിനിമകൾക്ക് ശേഷം സജിൻ സംവിധാനം ചെയ്ത ചിത്രമാണ്. മാർച്ച് 26ന് ചിത്രം കേരളത്തിൽ റിലീസ് ചെയ്തിരുന്നു.

ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളെ പൊള്ളത്തരം കൊണ്ട് മൂടാതെ അതേ തീവ്രതയോടെ ഒപ്പിയെടുക്കുന്ന, ഒരുപക്ഷെ നിങ്ങളെ അലോസരപ്പെടുത്തുന്ന വിഷ്വൽസ് ഈ ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കാം.

കടൽ തീരത്ത് താമസിക്കുന്ന ഖദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം അവർക്ക് നാട് വിടേണ്ടി വരുന്നു. അതിന് ശേഷമുള്ള അവരുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഖദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും അഭിനയിക്കുന്നു.

കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു. UAN ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിൻ ബാബുവും, ക്യാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിർവഹിക്കുന്നു.

ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും, ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലിൽ ഒന്നായ 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിലെ സെലക്ഷൻ, മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ, തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ് എന്നിവ ബിരിയാണിയുടെ മാത്രം നേട്ടങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here