ആഗ്രഹിച്ചത് നൊബേല്‍, ലഭിച്ചത് ഓസ്‌കാറെന്ന് റസൂല്‍ പൂക്കുട്ടി

0
12

ഊര്‍ജ്ജതന്ത്രജ്ഞനായി ഇന്ത്യയിലേക്ക് നൊബേല്‍ കൊണ്ടുവരാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും ലഭിച്ചത് ശബ്ദമിശ്രണത്തിനുള്ള ഓസ്‌കാറാണെന്നും റസൂല്‍ പൂക്കൂട്ടി. രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഊര്‍ജ്ജതന്ത്രജ്ഞന്‍ ആകണമെന്നും സൂപ്പര്‍കണ്ടക്റ്റിവിറ്റിയില്‍ ഗവേഷണം നടത്തി നൊബേല്‍ നേടണമെന്നായിരുന്നു ആഗ്രഹം. നൊബേലിന് പകരം ഓസ്‌കാര്‍ ആണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ശബ്ദങ്ങള്‍ നിരീക്ഷിക്കാനുള്ള കഴിവാണ് ഒരാളെ മികച്ച ശബ്ദമിശ്രകനാക്കുന്നത്. ഡിജിറ്റല്‍ ടെക്‌നോളജി സിനിമയിലെ ശബ്ദമിശ്രണത്തെ ലളിതമാക്കി. രണ്ടായിരത്തോളം ശബ്ദങ്ങളെ എഡിറ്റിംഗ് സ്‌ക്രീനില്‍ കണ്ടാണ് ഇപ്പോള്‍ ശബ്ദമിശ്രണം നടത്തുന്നത്. അതുകൊണ്ടാണ് വളരെ സൂക്ഷ്മമായ ശബ്ദങ്ങളെ പോലും കൃത്യതയോടെ തീയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. കെ.പി കുമാരന്‍, സഞ്ജു സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള രാജ്യത്തെ വിലക്ക് കണ്ടില്ലെന്ന് നടിക്കരുതെന്ന് ഇന്‍കോണ്‍വെര്‍സേഷന്‍ വിത്ത്’ ല്‍ പങ്കെടുത്ത ബുദ്ധദേബ് ദാസ്ഗുപ്ത ആവശ്യപ്പെട്ടു. യുവതലമുറ കഴിവുകളെ ഏകാധിപത്യത്തിനു അടിയറവ് വയ്‌ക്കേണ്ട അവസ്ഥയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യത്തിലും കലാസൃഷ്ടിയിലും ഇടപെടലുകളും ഭീഷണികളും ശക്തമായിരിക്കുകയാണ്. എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള അത്തരം ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
തയ്യാറാക്കിയ തിരക്കഥകളെ ഷൂട്ടിംഗ് വേളകളില്‍ ഉപേക്ഷിക്കേണ്ടിവരാറുണ്ട്. തിരക്കഥകളേക്കാള്‍ മനോഹരമായ ദൃശ്യങ്ങള്‍ യാദൃശ്ചികമായി ചിത്രീകരിക്കാന്‍ കഴിയുമെന്നും അത്തരം ദൃശ്യങ്ങളിലാണ് സിനിമയുടെ സ്വാഭാവികത നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.എം കമലും പരിപാടിയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here