രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടർന്നു കൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരങ്ങൾക്കും മലയാളി താരങ്ങൾക്കും അടക്കം കോവിഡ് പോസിറ്റീവായി. ബോളിവുഡിൽ റൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ, സഞ്ജയ് ലീല ബൻസാലി തുടങ്ങിയവർക്കെല്ലാം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

റൺബീർ കപൂറിനും സഞ്ജയ് ലീല ബൻസാലിക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ സ്വയം നിരീക്ഷണത്തിലേക്ക് മാറിയ ആലിയ ഭട്ടിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അടുത്തിടെയാണ് റൺബീർ കപൂറിനും ആലിയ ഭട്ടിനും കോവിഡ് നെഗറ്റീവായത്.

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സിനിമാ ചിത്രീകരണങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ അവധി ആഘോഷിക്കാൻ മാലദ്വീപിലേക്ക് പറന്നിരിക്കുകയാണ് ആലിയ ഭട്ടും കാമുകൻ റൺബീർ കപൂറും. ഇന്ന് രാവിലെ മാലദ്വീപിലേക്ക് പോകാനായി ഇരുവരും മുംബൈ എയർപോട്ടിലെത്തി. നേരത്തേ, ബോളിവുഡിലെ സാറ അലി ഖാൻ, ദിഷ പഠാനി, ടൈഗർ ഷറോഫ് തുടങ്ങി നിരവധി സെലിബ്രിറ്റികൾ അവധികാലം ആഘോഷിക്കാൻ മാലദ്വീപിലേക്ക് പറന്നിരുന്നു.

റൺബീർ കപൂറിന് കോവിഡ് നെഗറ്റീവായതിന് പിന്നാലെയാണ് ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ തന്നെ ക്വാറന്റീനിലായിരുന്നു താരങ്ങൾ. ഏപ്രിൽ രണ്ടിനാണ് ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചത്.

സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുബായ് കത്തിയാവാഡിയുടെ ചിത്രീകരണത്തിനിടെയാണ് സംവിധായകന് കോവിഡ് ബാധിച്ചത്. ഇതിന് പിന്നാലെ ചിത്രത്തിലെ നായികയായ ആലിയ ഭട്ടിനും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഗംഗുബായിക്ക് പുറമേ, അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്രയാണ് ആലിയ ഭട്ടിന്റെ ബോളിവുഡിൽ പുറത്തിറങ്ങാനുള്ള ചിത്രം. റൺബീർ കപൂറാണ് ചിത്രത്തിലെ നായകൻ. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമാണിത്.

രാജമൗലിയുടെ RRR ലും ആലിയ ഭട്ട് ആണ് നായിക. തെലുങ്കിന് പുറമേ, ഹിന്ദിയിലടക്കം പുറത്തിറങ്ങുന്ന ബഹുഭാഷാ ചിത്രമാണ് RRR. സന്ദീപ് റെഡ്ഡിയുടെ ആനിമൽ ആണ് റൺബീർ കപൂറിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. പരിനീതി ചോപ്രയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here