മലയാളത്തിന്റെ ലേഡിസൂപ്പര്‍ സ്റ്റാര്‍ എന്ന് വാഴ്ത്തപ്പെടുന്ന നടിയാണ് മഞ്ജുവാര്യര്‍. ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് കളമൊരുക്കിയ, 2014 ല്‍ പുറത്തിറങ്ങിയ റോഷന് ആന്‍ഡ്രൂസിന്റെ ‘ഹൗ ഓര്‍ഡ് ആര് യു’ എന്ന ചിത്രത്തിലൂടെത്തന്നെ മഞ്ജു ഒപ്പംകൂട്ടിയ പേരാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ വിളിപ്പേര്. ജീവിതത്തിനൊപ്പം തന്നെ രണ്ടാംവരവിലും പോരാടിനേടിയ വിജയക്കുതിപ്പാണ് തിരിച്ചുവരവിലും ആവേശമായത്. രണ്ടാം വരവില്‍ കരിയറില്‍ വന്നുപതിച്ചേക്കാവുന്ന ‘പാര’കളെ ബുദ്ധിപൂര്‍വ്വം നേരിട്ടും തിരിച്ചടിച്ചും മഞ്ജുവാര്യര്‍ നിലനില്ക്കുക തന്നെ ചെയ്തു. മലയാളസിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ടുള്ള മുന്നോട്ടുപോക്കില്‍ ‘പ്രായം’ തടസമായതുമില്ല.
മോഹന്‍ലാലിന്റെ നായികയായി ‘എന്നും എപ്പോഴും’ എന്ന സത്യന്‍ചിത്രം കൂടി പുറത്തിറങ്ങിയതോടെ മലയാളത്തിലെ സൂപ്പര്‍ നായികാ പദവി ഉറപ്പിക്കുകയും ചെയ്തു. ആഷിക് അബുവിന്റെ ‘റാണി പദ്മിനി’, ജോ ആന്റ് ബോയ്, വേട്ട, കരിങ്കുന്നം സിക്സസ്, സൈറാബാനു, ഉദാഹരണം സുജാത, മോഹന്‍ലാല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തുടര്‍സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലൂടെ സിനിമാരംഗത്തെ പെണ്‍കൂട്ടായ്മയ്ക്ക് തിരികൊളുത്തിയെങ്കിലും തുടര്‍വിവാദങ്ങളില്‍ നിന്ന് വിട്ടുനിന്ന് തലയൂരുകയും ചെയ്തു. പെണ്കൂട്ടായ്മയിലുള്ളവര്ക്ക് തുടരവസരം കുറയുമ്പോഴും മഞ്ജുവിന് കൈനിറയെ പടങ്ങള്‍ ലഭിക്കുകയും ചെയ്തു. ഏറ്റവും കൂടുതലായി മോഹന്‍ലാല്‍ ചിത്രങ്ങളിലെ സാന്നിധ്യമാണ് മഞ്ജുവിനെ സഹായിച്ചത്. വില്ലന്‍, ഒടിയന്, ലൂസിഫര്‍, വരാന്‍ പോകുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങി ആ നിര നീളുന്നു.
എന്നാല്‍ അഭിനയത്തിലും നിലപാടുകളിലും വെള്ളംചേര്‍ക്കാതെ വ്യത്യസ്തയാകുകയും പാരകളെ സ്വന്തംനിലയില്‍ മറികടക്കുകയും ചെയ്ത മറ്റൊരു താരം മലയാളത്തിലുണ്ട്. സാക്ഷാല്‍ പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയായിലെ അധിക്ഷേപങ്ങള്‍ക്ക് ഇരയാകുമ്പൊഴും സ്വന്തം അഭിനയശേഷികൊണ്ട് കൈയടി നേടുന്ന നടിയാണ് പാര്‍വതി. കരിയറിന്റെ മുന്നോട്ടുപോക്കില്‍ മഞ്ജുവിനെക്കാള്‍ പ്രതിസന്ധി നേരിടുമെന്ന ഘട്ടത്തിലും ദേശീയ പുരസ്കാരമടക്കം നേടിയാണ് പാര്‍വതി വിമര്‍ശകരുടെ വായടപ്പിച്ചത്. പെണ്കൂട്ടായ്മയ്ക്കൊപ്പംതന്നെ ഇപ്പോഴും നിലയുറപ്പിച്ച് നില്ക്കുന്നൂവെന്നത് തന്നെയാണ് പാര്‍വതിയെ വ്യത്യസ്തയാക്കുന്നത്.
എന്ന് നിന്റെ മൊയ്തീന്, ചാര്‍ലി, ടേക്ക് ഓഫ്, കൂടെ തുടങ്ങി ഇപ്പോള്‍ തിയറ്ററുകളില്‍ തരംഗമാകുന്ന ‘ഉയരെ’ വരെ എത്തിനില്‍ക്കുകയാണ് പാര്‍വതിയുടെ അഭിനയപ്രതിഭ. ഇനി പറയൂ, ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണമോ അതോ അതുക്കുംമേലെയാണോ പാര്‍വതി തിരുവോത്ത്.