ഒരു കട തുടങ്ങിയാണെങ്കിലും നടിമാരുടെ അവകാശത്തിനായി പോരാടും: പാര്‍വതി

0

കൊച്ചി: ഒരു കട തുടങ്ങിയാണെങ്കിലും നടിമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടവുമായി മുന്നോട്ടു പോകുമെന്ന് നടി പാര്‍വതി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറയുന്നുവെന്ന് നടി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കലക്ടീവ് രൂപീകരിക്കപ്പെട്ടതിന്റെ നാള്‍ വഴിയും തനിക്ക് നേരെ ഉയരുന്ന ഭീഷണികളെയും കുറിച്ചാണ് പാര്‍വതി അഭിമുഖത്തില്‍ പ്രധാനമായും വെളിപ്പെടുത്തിയിരുന്നത്.

കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തോട് താരം പ്രതികരിച്ചത് ഇങ്ങനെയാണ്;
‘ഞാന്‍ ഷൂട്ടിംഗിനായി ഋഷികേശിലായിരുന്ന സമയത്താണ് എന്റെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്ന വിവരം അറിയുന്നത്. സത്യം പറഞ്ഞാല്‍ ഒരു കാറിനുള്ളില്‍ നിസഹായയാക്കപ്പെട്ട അവളെ ഓര്‍ത്ത് വിറച്ചു പോയി. അതിനു ശേഷമാണ് ഞങ്ങള്‍ അഞ്ച് പേര്‍ ചേര്‍ന്ന് തുറന്ന് സംസാരിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സിനിമയുടെ വിവിധമേഖലയിലുള്ള സ്ത്രീകളെ കോര്‍ത്തിണക്കി സംഘടന രൂപപ്പെട്ടു.

സിനിമയില്‍ നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ കൊണ്ടുവരാനാണ് ഡബ്ല്യു.സി.സി ശ്രമിക്കുന്നത്. സുപ്രീം കോടതിയിലെ നിരവധി അഭിഭാഷകര്‍ ഞങ്ങള്‍ക്ക് നിയമോപദേശം നല്‍കുന്നു. തുറന്നു പറയാന്‍ കഴിയാതെ അകപ്പെട്ടു പോകുന്ന സ്ത്രീകളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പലരും സിനിമ മാത്രം ചെയ്ത് ജീവിക്കുന്നവരാണ്. എനിക്ക് ചിലപ്പോള്‍ ഒരു കട തുടങ്ങി ജീവിതവും പോരാട്ടവും മുന്നോട്ടു കൊണ്ടുപോകാനാകും. പക്ഷേ പലര്‍ക്കും അതിന് കഴിയില്ല’ എന്നും പാര്‍വതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here