ഗജനിയിലെ വേഷം ചെയ്യേണ്ടിയിരുന്നില്ലെന്ന് നയന്‍താര

0

ചിലര്‍ക്കങ്ങനാണ്, കാലം അനുകൂലമാണെങ്കില്‍ ബോധോദയം ഉണ്ടാകുക സ്വാഭാവികം. 2005 -ല്‍ പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായ തമിഴ്പടമായിരുന്നു സൂര്യയുടെ ഗജനി. മലയാളികളായ രണ്ടുനടിമാരുടെ സാന്നിധ്യംകൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം. നായിക നടിയായി അസിന്‍ തോട്ടുങ്കലും ഒപ്പം നയന്‍താരയും. എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനമായിരുന്നു ഗജനിയെന്നും തന്നെ മോശമായി ചിത്രീകരിച്ചെന്നും ഇപ്പോള്‍ പ്രതികരിച്ചിരിക്കയാണ് നയന്‍താര.

2005-ല്‍ അയ്യ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച് ഗ്ലാമറസായി അവതരിച്ച് ഞെട്ടിശേഷം വന്ന ചിത്രമായിരുന്നു ഗജനി. അതിലെ ‘എക്സ്മച്ചി’ ഗാനമാണ് നയന്‍താരയെ ഗ്ലാമര്‍റാണി പട്ടത്തിലേക്ക് ആനയിച്ചതും.

മലയാളി യുവത്വത്തെ ആവേശത്തോടെ തിയറ്ററിലെത്തിച്ചതിനു പിന്നിലെ ഒരു കാരണം മനസിനക്കരെ സുന്ദരിയുടെ ഐറ്റംഡാന്‍സും ക്ലൈമാക്സിലെ ഓട്ടവുമായിരുന്നൂവെന്നതില്‍ തര്‍ക്കമില്ല. തുടര്‍ന്നങ്ങോട്ട് അസിന്‍തോട്ടുങ്കലിനേക്കാള്‍ താരമൂല്യമുള്ള നടിയായി വളര്‍ന്നയാളാണ് നയന്‍താര. ഇപ്പോഴും ഒരു കോട്ടവുംതട്ടാതെ തമിഴ്സിനിമയില്‍ കനത്ത പ്രതിഫലം നേടുന്ന സൂപ്പര്‍നടിയായി തുടരുന്നതിനിടെയാണ് നയന്‍താര ഗജനിക്കെതിരേ മനസുതുറന്നത്.

”സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് കരിയറിലെ മോശം തീരുമാനം ആയിരുന്നു. തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷേ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു – നയന്‍താര പറഞ്ഞു.

ചിത്രത്തിന് ശേഷം മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ രണ്ടുവട്ടം ആലോചിക്കാറുണ്ടെന്നും വിജയിക്ക് ഒപ്പം ശിവകാശിയും രജനി സാറിന് ഒപ്പം ചന്ദ്രമുഖിയും ചെയ്തപ്പോള്‍ അതിലെ ഗാന രംഗങ്ങള്‍ അഭിനയിക്കാന്‍ രണ്ടുവട്ടം ആലോചിച്ചാണ് തീരുമാനിച്ചതെന്നും നയന്‍താര പറഞ്ഞു.

കരിയറിന്റെ തുടക്കകാലത്ത് മുന്നേറാന്‍ സഹായിച്ച ചിത്രത്തെ ഇന്ന് തള്ളിപ്പറയുന്നതിലെ പൊള്ളത്തരം സോഷ്യല്‍മീഡിയായില്‍ ചര്‍ച്ചയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here