ജയസൂര്യ ട്രാന്‍സ്‌ജെണ്ടര്‍ വേഷത്തിലെത്തുന്ന ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിന് ലഭിക്കുന്നത് മികച്ച അഭിപ്രായം. പ്രമേയ സ്വീകരണത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെയും ജയസൂര്യയുടേയും മികച്ച ചുവടുവയ്പ്പായിരുന്നു ഞാന്‍ മേരിക്കുട്ടി. സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ണ്ടറുകള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ നേര്‍ക്കാഴ്ചകൂടിയാണ് ചിത്രം. ആഴത്തില്‍ വിഷയത്തെ സമീപിക്കാതെ, പുറംകാഴ്ചകളില്‍ മാത്രം തൊട്ടുതലോടിപ്പോകുന്നെങ്കിലും കൈയടിക്കാതിരിക്കാന്‍ തരമില്ല. ജനപ്രിയമായരീതിയില്‍ തന്നെ ചിത്രം ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നിടത്താണ് പ്രമേയാവതരണത്തിലെ ധൈര്യക്കുറവ് പ്രകടമാകുന്നത്.
ജയസൂര്യയുടെ അഭിനയമികവ് പുറത്തെടുക്കുന്ന ചിത്രംകൂടിയാണിത്. മലയാളചിത്രങ്ങളില്‍ ട്രാന്‍സ്‌ജെണ്ടറുകളെ നിരന്തരം അധിക്ഷേപിക്കുന്ന രംഗങ്ങള്‍മാത്രമാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറ്റിത്തീര്‍ക്കാന്‍ ഈ സിനിമയ്ക്കും ചെറിയ പങ്കുവഹിക്കാന്‍ കഴിയുമെന്നകാര്യത്തില്‍ തര്‍ക്കമില്ല.
പത്രവാര്‍ത്തകളില്‍ നിറയുന്ന സംഭവങ്ങളിലൂടെയുള്ള ഓട്ടപ്രദക്ഷണിമെന്ന സ്ഥിരം നമ്പരുകള്‍ തന്നെയാണ് സംവിധായകന്‍ പുറത്തെടുക്കുന്നത്. ഇഴഞ്ഞുനീങ്ങല്‍ പ്രകടമാണെങ്കിലും ജയസൂര്യ എന്ന നടന്റെ പ്രകടനമാണ് ചിത്രത്തെ മുന്നോട്ടുനീക്കുന്നതും. പ്രേക്ഷകരുടെ കൈയടി വീഴുന്നതും ആ അഭിനയമികവിനുതന്നെ. ഇത്തവണയും ചെറിയ ചിലവില്‍ ചിത്രമൊരുക്കി വലിയ നേട്ടം സ്വന്തമാക്കുവാന്‍ രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടിന് സാധിക്കുമെന്ന് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here