ചെറിയറോളുകളില്‍ ഒതുങ്ങിക്കൂടി കഴിഞ്ഞിരുന്ന ജോജു ജോര്‍ജ് എന്ന നടനെ ഒറ്റയാനാക്കി തീര്‍ത്ത ചിത്രമാണ് എം.പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ്.
ജോജുവിന്റെ അഭിനയപാടവംകൊണ്ടും തിരക്കഥയിലെയും സംവിധാനത്തിലെയും കെട്ടുറപ്പുകൊണ്ടും ഏറെശ്രദ്ധിക്കപ്പെട്ട ചിത്രം ജോജുവിന്റെ കരിയര്‍ ഉയരങ്ങളിലെത്തിച്ചു. പ്രേക്ഷകപിന്തുണയ്ക്കൊപ്പം ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ജോജുവിനെ തേടിയെത്തി.
ഇപ്പൊഴിതാ, ചിത്രത്തെ പ്രശംസിച്ച് ഒരു ജാപ്പനീസുകാരന്റെ ഫെയ്സ്ബുക്ക് കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഹിറ്റാച്ചി ഇന്ത്യയുടെ ഡിജിറ്റല്‍ സൊല്യൂഷന്‍സ് ആന്റ് സര്‍വീസസ് ജനറല്‍ മാനേജര്‍ മസയോഷി തമുറയാണ് ജോസഫിന്റെ ആരാധകന്.
പല ജപ്പാന്‍കാരും കരുതുന്നത് ഇന്ത്യന്‍ സിനിമ എന്നു പറഞ്ഞാല്‍ അതില്‍ കുറെ നൃത്തം ഉണ്ടാകുമെന്നാണ്. ബോളിവുഡ് മസാല ചിത്രത്തെക്കാള്‍ വ്യത്യസ്തമായ ചിത്രമാണ് ജോസഫ് എന്നും അദ്ദേഹം കുറിച്ചു.
തമുറയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
” ഇന്ത്യയെ പഠിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍കാരനാണ് ഞാന്‍. കേരളത്തിലെ ഈ സിനിമ ഞെട്ടിച്ചു. ഗുരുതരമായ ഒരു കുറ്റം കണ്ടെത്തുന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്. അസാമാന്യമായ ആത്മപരിത്യാഗത്തിലൂടെയാണ് ജോസഫ് അതു ചെയ്യുന്നത്.
ബോളിവുഡ് മസാല ചിത്രത്തെക്കാള്‍ വ്യത്യസ്തം! പല ജപ്പാന്‍കാരും കരുതുന്നത് ഇന്ത്യന്‍ സിനിമ എന്നു പറഞ്ഞാല്‍ അതില്‍ കുറെ നൃത്തം ഉണ്ടാകുമെന്നാണ്. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്ന് അവര്‍ക്കറിയാം. പക്ഷെ, ആ വൈവിധ്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. കാരണം ഏകതാനമായ ഒരു സമൂഹത്തിലാണ് അവര്‍ ജീവിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരത ജപ്പാന്‍കാര്‍ കൂടുതല്‍ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം. എങ്കിലെ, ഇന്ത്യയുമായി മികച്ച രീതിയിലുള്ള സഹകരണം സാധ്യമാകൂ. ”
ഈ കുറിപ്പ് നടന് ജോജുവും തന്റെ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.