ലോക്ക്ഡൗൺ നാളുകൾക്കു ശേഷം പുറത്തിറങ്ങിയ മലയാള ചിത്രം ‘വെള്ളം’ സംവിധാനം ചെയ്ത പ്രജേഷ് സെന്നും നായകൻ ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ബി. രാകേഷ് നിർമ്മിക്കുന്ന ചിത്രമാണിത്. തിരുവനന്തപുരത്തു ചിത്രീകരണം ആരംഭിച്ച വിവരം നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ‘ക്യാപ്റ്റൻ’ സിനിമയ്ക്ക് ശേഷം ജയസൂര്യയും-പ്രജേഷ് സെന്നും ചേർന്ന് പുറത്തിറക്കിയ സിനിമയായിരുന്നു ‘വെള്ളം’.
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവർക്കും ഒട്ടേറെ ചിത്രങ്ങൾ റിലീസിനായും ഷൂട്ടിംഗ് ആരംഭിക്കാനുമായി കാത്തിരിപ്പുണ്ട്.
സഹോദരൻ മധു വാര്യർ സംവിധാനം ചെയ്ത ‘ലളിതം സുന്ദരം’ ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് മഞ്ജു. ബിജു മേനോൻ ആണ് സിനിമയിലെ നായക വേഷം ചെയ്യുന്നത്. ‘ദി പ്രീസ്റ്റ്’ ഉടൻ തന്നെ റിലീസ് പ്രതീക്ഷിക്കുന്ന മറ്റൊരു സിനിമയാണ്. മമ്മൂട്ടിയാണ് നായകൻ. പടവെട്ട്, ചതുർമുഖം, കയറ്റം, ജാക്ക് ആൻഡ് ജിൽ, വെള്ളരിക്കാപ്പട്ടണം തുടങ്ങിയവയാണ് മഞ്ജുവിന്റെ മറ്റു ചിത്രങ്ങൾ. ഇതിൽ ‘ജാക്ക് ആൻഡ് ജിൽ’ ചിത്രത്തിലെ ‘കിം കിം കിം…’ എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു.
രഞ്ജിത്ത് ശങ്കറുമായി കൈകോർക്കുന്ന ‘സണ്ണി’, മിഥുൻ മാനുവൽ തോമസിന്റെ ‘ടർബോ പീറ്റർ’, ‘ആട് 3’, ഇ. ശ്രീധരന്റെ കഥാപാത്രം ചെയ്യുന്ന ‘രാമ സേതു’, കടമറ്റത്തു കത്തനാരുടെ വേഷമിടുന്ന ‘കത്തനാർ’ തുടങ്ങിയ സിനിമകൾ ജയസൂര്യയുടേതായുണ്ട്.
കൊച്ചി നഗരത്തിൽ കലാസാംസ്കാരിക പ്രകടനങ്ങൾക്കായി സ്ട്രീറ്റ് പെർഫോമൻസ് ഇടമായ ‘ആസ്ക്’ (ആർട് സ്പേസ് കൊച്ചി) ഉദ്ഘാടനം ചെയ്തു. ജയസൂര്യയുടെ ആശയത്തിൽ ഉരുത്തിരിഞ്ഞ ഇടമാണ് ആസ്ക്. കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടകനായിരുന്നു.