ഇന്ന് രാവിലെ മുതൽ ആരംഭിച്ച മാസ്റ്റര്‍ ഷോ തീയേറ്ററുകളെ ആവേശക്കൊടുമുടിയിൽ ആക്കിയിരിക്കുകയാണ്. മാസും ക്ലാസും നിറഞ്ഞതാണ് ചിത്രമെന്നാണ് പലരും ആദ്യ ഷോയ്ക്ക് ശേഷം ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രതിനായക കഥാപാത്രമായ വിജയ് സേതുപതിയുടെ റോളാണ് നിര്‍ണ്ണായകമെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. ഇരുവരുടേയും കോമ്പിനേഷൻ സീനുകള്‍ വാക്കുകള്‍ക്ക് മേലെയാണെന്നാണ്- മറ്റ് ചിലരുടെ അഭിപ്രായം.
കൈദി ഒരുക്കിയ ലോകേഷിന്റെ ഡയറക്ടര്‍ ബ്രില്ല്യൻസിനേയും പലരും പുകഴ്ത്തിയിട്ടുണ്ട്. ജെഡി, ഭവാനി എന്നീ പേരുകളിലുള്ള വിജയ്യുടേയും വിജയ് സേതുപതിയുടേയും കഥാപാത്ര നിര്മ്മിതിയെയും പലരും വാഴ്ത്തിയിട്ടുണ്ട്. ചിത്രത്തിലെ പാട്ടുകളും സംഘട്ടനരംഗങ്ങളുമൊക്കെ ഏറെ മികച്ചതാണെന്നും. ക്ലൈമാക്സാണ് ഹൈലെറ്റെന്നും തീയേറ്ററിൽ തന്നെ ചിത്രം കാണണമെന്നുമാണ് വേറെ ചിലരുടെ ട്വീറ്റ്. സംവിധായകൻ ലോകേഷ്, സംഗീത സംവിധായകൻ അനിരുദ്ദ്, നടന്മാരായ ശന്തനു, അർജുൻ തുടങ്ങിയവർ തീയേറ്ററിൽ ആരാധകർക്കൊപ്പമിരുന്നാണ് എഫ്ഡിഎഎഫ്സ് കണ്ടത്.
കൊവിഡ് ഭീതിയിലും നിറഞ്ഞ സദസ്സുകളിലാണ് പലയിടത്തും എഫ്ഡിഎഫ്എസ് ഷോകള്‍ നടന്നത്. വിജയ്യുടേയും മക്കള്‍ സെൽവൻ വിജയ് സേതുപതിയുടേയും ചിത്രങ്ങളിൽ പാലഭിഷേകം നടത്തിയാണ് തമിഴ് നാട്ടിലെ തീയേറ്ററുകള്‍ക്ക് മുമ്പിൽ ആരാധകര്‍ വരവേറ്റത്. മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശന്തനു ഭാഗ്യരാജ് തുടങ്ങി നിരവധിപേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
കർശനമായ കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ടാണ് തീയേറ്ററുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. വിജയ്യുടെ മാസ്റ്റര്‍ ഇന്ന് സംസ്ഥാനത്തെ അഞ്ഞൂറിലധികം സ്ക്രീനുകളിലാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്.