ക്യാന്‍സറിനപ്പുറത്തും ജീവിതമുണ്ട്: മനീഷ കൊയ്‌രാള

0
manisha koiralaതിരുവനന്തപുരം: ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചെത്തുമ്പോഴെന്തെന്ന പതിവു ചോദ്യത്തിന് മനീഷ കൊയ്‌രാള മറുപടി പറഞ്ഞത് ക്യാന്‍സറിനപ്പുറത്തും ഒരു ജീവിതമുണ്ടെന്നാണ്. ലെനിന്‍ രാജേന്ദ്രന്റെ പുതിയചിത്രം ഇടവപ്പാതിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനെത്തിയപ്പോള്‍ ക്യാന്‍സറിനെ അതിജീവിച്ച വ്യക്തി എന്ന വിശേഷണത്തിനു പുറത്തു കടക്കുന്നതിനെക്കുറിച്ചാണ് മനീഷ സംസാരിച്ചതിലധികവും.
‘ഒരു കലാകാരി അറിയപ്പെടാനാഗ്രഹിക്കുന്നത് തീര്‍ച്ചയായും ക്യാന്‍സര്‍ രോഗി എന്ന നിലയില്‍ മാത്രമല്ല. സിനിമയുള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ മരണത്തിനു തുല്യമായി ക്യാന്‍സറിനെ ചിത്രീകരിക്കുന്നതിനാല്‍ ജനങ്ങളില്‍ ഈ രോഗത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. മറ്റേതിനേയും പോലെ അതിജീവിക്കാന്‍ കഴിയുന്ന രോഗമാണ് ക്യാന്‍സറുമെന്ന് തിരിച്ചറിയണം’ – മനീഷ പറഞ്ഞു.
സിനിമയോടൊപ്പം ക്യാന്‍സറിനെതിരായ ബോധവല്‍ക്കരണ പരിപാടികളിലും മനീഷ സജീവമാകുകയാണ്. ഡല്‍ഹിയില്‍ നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ ഇതേക്കുറിച്ച് ഒരു പുസ്തകം പുറത്തിറക്കുന്നുണ്ട്. മൂന്നുവര്‍ഷങ്ങള്‍ക്കു മുന്‍പ് രോഗം തിരിച്ചറിയുന്നതിനു മുന്‍പ് ആരോഗ്യത്തെക്കുറിച്ച് തീരെ ശ്രദ്ധിച്ചിരുന്നില്ലെന്ന് മനീഷ തുറന്നു പറഞ്ഞു. പലചിത്രങ്ങളിലും പുകവലിക്കാരിയായി അഭിനയിച്ചിട്ടുണ്ട്. ക്യാന്‍സറിനോട് പൊരുതുന്നതിനിടെയാണ് ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ബോധമുണ്ടാകുന്നത്. ജീവിതത്തിന്റെ മൂല്യം തിരിച്ചറിയാണ് ക്യാന്‍സര്‍ വരുംവരെ കാത്തിരിക്കേണ്ടതില്ലെന്നും മനീഷ പറഞ്ഞു.
ഇന്ത്യയൊട്ടാകെ അസഹിഷ്ണുതയാണെന്നത് ശരിയല്ല. ചിലയിടങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകും. പ്രതിഷേധത്തിന്റെ പേരില്‍ പുരസ്‌ക്കാരങ്ങള്‍ തിരികെ നല്‍കുന്നതിനെക്കുറിച്ചു വ്യമായറിയില്ലെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി അവര്‍ പറഞ്ഞു.
രണ്ടു കാലഘട്ടങ്ങള്‍ ചിത്രീകരിക്കുന്ന ഇടവപ്പാതി എന്നചിത്രത്തിന്റെ കഥാപരിസരം കാവ്യാത്മകമാണെന്ന് മനീഷ പറഞ്ഞു. മലയാളത്തില്‍ ഇത്തരം ചിത്രങ്ങള്‍ ധാരാളമായുണ്ടാകുന്നത് പ്രേക്ഷകര്‍ അവയെ സ്വീകരിക്കുന്നതിനാലാകാമെന്നും അവര്‍ പറഞ്ഞു.
37 വര്‍ഷങ്ങളായി കര്‍ണാടകയിലെ ബൈലക്കൂപ്പയില്‍ അഭയാര്‍ത്ഥികളായി താമസിക്കുന്ന ടിബറ്റന്‍ വംശജരുടെ ആന്തരികസംഘര്‍ഷങ്ങളാണ് ഇടവപ്പാതിയുടെ പ്രമേയമെന്ന് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. സ്വരാജ്യത്തേക്കു തിരിച്ചെത്തുന്നതിന് തീവ്രവാദത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കണോ അതോ ദലൈലാമയുടെ സംസ്‌കാരമായ ആത്മീയത മുറുകെപ്പിടിക്കണോ എന്ന സംശയത്തിലാണ് ഓരോ ടിബറ്റന്‍ യുവാവിന്റെയും ജീവിതം. ടിബറ്റന്‍ യുവാവിന്റെ മാതൃരാജ്യത്തേക്കുള്ള മടക്കയാത്രയോടൊപ്പം കഥയില്‍ വാസവദത്തയുടേയും ഉപഗുപ്തന്റേയും പുരാണവും ഇടകലരുന്നു.
യോദ്ധ എന്ന മലയാളചിത്രത്തില്‍ റിംപോച്ചയായി വേഷമിട്ട സിദ്ധാര്‍ത്ഥ് ലാമയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിദ്ധാര്‍ത്ഥ് എന്ന ടിബറ്റന്‍ വംശജന്റെ വേഷവും ഉപഗുപ്തന്റെ വേഷവും ചെയ്യുന്നത്.   വാസവദത്തയായി ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തരഉണ്ണിയും വേഷമിടുന്നു. ചിത്രത്തില്‍ ബൈലക്കൂപ്പയിലെ എസ്റ്റേറ്റ് മാനേജരുടെ ഭാര്യയായും വാസവദത്തയുടെ അമ്മയായുമാണ് മനീഷ കൊയ്‌രാള അഭിനയിക്കുന്നത്. ബൈലക്കൂപ്പ, ഹംപി, കുളു-മണാലി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമ ഡിസംബറോടെ പൂര്‍ത്തിയാകുമെന്നും ജനുവരിയില്‍ തിയേറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സംവിധായകന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here