തിരുവനന്തപുരം: പ്രളയ ദുരിതകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്താന്‍ ഇറങ്ങിയവര്‍ ലക്ഷ്യമിട്ടത് തട്ടിപ്പാണോ ? പ്രളയ ദുരതത്തിനു പിന്നാലെ ഇത്തരത്തിലുള്ള നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പണം പോലും നിധിയിലെത്താന്‍ ബാഹ്യ സമ്മര്‍ദ്ദം ആവശ്യമായി വന്നു. സിനിമാ പ്രവര്‍ത്തകര്‍ നടത്തിയ പണപ്പിരിവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ലെന്ന വിവരം ഇപ്പോഴിതാ പുറത്തുവരുന്നു.

പ്രളയദുരിതാശ്വാസത്തിന് പണം സ്വരൂപീക്കാനെന്ന രീതിയില്‍ സംഘടിപ്പിച്ച കരുണ മ്യൂസിക് കണ്‍സേര്‍ട്ടാണ് പുതിയ വിവാദം. വേള്‍ഡ് മ്യുസിക് ഫെസ്റ്റിന് തുടക്കം കുറിച്ചുകൊണ്ടുള്ള കരുണ ഫെസ്റ്റില്‍ രാജ്യത്തുടനീളമുള്ള നാല്‍പ്പത്തിയഞ്ചോളം സംഗീത പ്രതിഭകള്‍ അണി നിരന്നിരുന്നു. കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നവംബര്‍ ഒന്നിനായിരുന്നു കണ്‍സേര്‍ട്ട് നടന്നത്. പരിപാടിയില്‍ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറാനാണ് തീരുമാനമെന്ന് സംഘാടകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഗീതത്തെ സാധാരണക്കാരിലേക്ക് എത്തിക്കുകയെന്നുള്ളതും ഈ ഉദ്യമത്തിനു പിന്നിലുണ്ടെന്ന് സംഘാടകര്‍ അവകാശപ്പെട്ടിരുന്നു. ബിജിബാലന്‍, ആഷിഖ് അബു, റിമ കല്ലിങ്കല്‍, സയനോര തുടങ്ങിയ പല പ്രമുഖരും ഈ പരിപാടിയില്‍ സഹകരിച്ചവരാണ്.

മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന കണ്‍സേര്‍ട്ടില്‍ വന്‍ ജനപങ്കാളിത്തവുമുണ്ടായിരുന്നു. 500, 1500, 5000 രൂപയുടെ ടിക്കറ്റുകള്‍ ഓണ്‍ പോര്‍ട്ടലുകള്‍ വഴിയും വിറ്റഴിച്ചിരുന്നു. പരിപാടി കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും ലാഭം സര്‍ക്കാരിന് കൈമാറിയിട്ടില്ല. സ്‌റ്റേഡിയം അടക്കം സൗജന്യമായി ലഭിച്ച പരിപാടിയിലെ ലാഭം ഖജനാവിലേക്ക് വരാത്തതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കും ഇവരില്‍ നിന്നു പണം ലഭിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിധിയിലേക്കു പണം നല്‍കിയില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷനും രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here