കണ്ണീരായൊഴുകിയ സേതുമാധവന്റെ കഥപറഞ്ഞ ‘കിരീടം’ സിനിമയും വെള്ളായണിയിലെ കിരീടംപാലവും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കിരീടം സിനിമയ്ക്ക് 30 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ആ പാലം പഴയതിനേക്കാള്‍ പ്രൗഡിയില്‍ പുനര്‍ജനിച്ചുകഴിഞ്ഞു.

നിരവധി ചിത്രങ്ങളില്‍ ഈ പാലം വന്നുപോയെങ്കിലും കിരീടവും സേതുമാധവനും കാലത്തെ അതിജീവിച്ച് ഈ പാലത്തിനൊപ്പം കൂടി. വര്‍ഷങ്ങളോളം തകര്‍ച്ചയുടെ പടുകുഴിയിലായപ്പോഴും കിരീടം പാലത്തിനുവേണ്ടി നാട്ടുകാര്‍ മുറവിളികൂട്ടി. ഒടുവില്‍ ഇറിഗേഷന്‍ വകുപ്പ് രണ്ടര ലക്ഷം രൂപകൊണ്ട് പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചു. ഇനി ഈ പാലം നടന്‍ തിലകന്റെ പേരില്‍ അറിയപ്പെടുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്.

നാട്ടുകാരില്‍ ഭൂരിപക്ഷവും ഈ അഭിപ്രായത്തിനൊപ്പം നിന്നതോടെ പാലം തിലകകിരീടമണിയും. സേതുമാധവനെ അനശ്വരനാക്കിയ സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ തിലകന്റെ പേരില്‍ ഈ പാലം ഉദ്ഘാടനം ചെയ്യാനെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

ഇക്കാര്യം ശ്രദ്ധയില്‍പെട്ട തിലകന്റെ മകനും നടനുമായ ഷമ്മിതിലകന്‍ നാട്ടുകാരോട് നന്ദിരേഖപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ കുറിക്കുകയും ചെയ്തു. ഈ നന്മ മലയാള സിനിമാ സംഘടനകള്‍ക്ക് പ്രചോദനമാകട്ടെയെന്നും അദ്ദേഹം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here