ദിലീപ് നായകനായ ‘കമ്മാരസംഭവം’ വലിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ചിത്രമാണ്. രാമലീലക്കുശേഷം തിയറ്ററുകളിലെത്തുന്ന ചിത്രമെന്ന നിലയ്ക്കും കേസുമായി ബന്ധപ്പെട്ട് ദിലീപ് ചര്‍ച്ചയാകുന്ന ഘട്ടത്തിലും കമ്മാരസംഭവവും ചര്‍ച്ചയാകും. തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞേക്കുമെന്ന പ്രചരണങ്ങളെ അസ്ഥാനത്താക്കിയാണ് ദിലീപ് ചിത്രം രാമലീല കോടികള്‍ വാരിയത്. സിനിമ റിലീസ് ചെയ്തഘട്ടത്തില്‍ ദിലീപ് ജയിലുമായിരുന്നു. രാമലീലയ്ക്കുശേഷമുള്ള ചിത്രം തിയറ്ററുകളില്‍ പ്രകമ്പനമാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച കമ്മാരസംഭവത്തിന്റെ തിരക്കഥ നടന്‍ മുരളിഗോപിയുടേതാണ്. ദിലീപ് വ്യത്യസ്ത മൂന്ന് ഗറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നതും. ചിത്രത്തിന്റെ ആദ്യപോസ്റ്ററും ദിലീപ് തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. ചിത്രത്തിന്റെ ചെറിയൊരു സംഭാഷണശകലവും നായികയെക്കുറിച്ചുള്ള സൂചനയും നല്‍കുന്ന ഒരു കുറിപ്പും ദിലീപ് അടുത്തിടെ പങ്കുവയ്ച്ചിരുന്നു.

കമ്മാരന്‍ കാത്തുവച്ച ഭാനുമതിയെന്ന കൊതിയെക്കുറിച്ചുള്ള സൂചനകളായിരുന്നു അതില്‍. ‘ പച്ച പാതിരക്ക് പച്ചില നിന്നു കത്തിയാല്‍.., കമ്മാരാ.., നിനക്കവളെ കിട്ടും..!’ ചിപ്പിക്കുള്ളിലെ മുത്ത് പോലെ…കമ്മാരന്‍ കാത്തു വച്ച കൊതി. ഭാനുമതി.”

ഭാനുമതിയായെത്തുന്ന നടി നമിതാപ്രമോദിന്റെ ചിത്രമടങ്ങിയ പോസ്റ്റാണ് ഒപ്പം പങ്കുവച്ചത്. ഏറ്റവുമൊടുവില്‍ മൂന്നുഗറ്റപ്പുകളില്‍ ദിലീപ് എത്തുന്ന പോസ്റ്റുകളാണ് കമ്മാരസംഭവത്തിന്റേതായി പുറത്തുവന്നത്. ആരാധകര്‍ ആവേശത്തിലാണ്. കമ്മാരസംഭവം വീണ്ടുമൊരു സംഭവമാകുമോയെന്ന് കാത്തിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here