പ്രേക്ഷകര്‍ കാത്തിരുന്ന നാല് മലയാളചിത്രങ്ങള്‍ക്കൊപ്പം ധനുഷിന്റെ അസുരനും നാളെ തിയറ്ററുകളിലെത്തി . ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനമികവില്‍ ഒരുങ്ങിയ ജല്ലിക്കെട്ടാണ് ഏറെ ആകാംക്ഷയോടെ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒരു ചിത്രം.

രാജ്യാന്തരമേളകളില്‍ മികച്ച അഭിപ്രായമുയര്‍ത്തിയ ചിത്രം അറവുശാലയില്‍ നിന്നും വിരണ്ടോടിയ ഒരു പോത്ത് ഒരു ഗ്രാമത്തെ വിറപ്പിച്ച കഥയാണ് പറയുന്നത്. ലിജോയുടെ കൈയൊപ്പ് കൂടി പതിഞ്ഞതോടെ ചിത്രം വേറെ ലെവലിലെത്തിയതായാണ് അഭിപ്രായമുയരുന്നത്.

വെള്ളിമൂങ്ങയ്ക്കുശേഷം ബിജുമേനോന്‍ -ജിബുജേക്കബ് കൂട്ടുകെട്ടിലൊരുങ്ങിയ ആദ്യരാത്രിയാണ് ചിരിപടര്‍ത്താനായെത്തുന്നത്. മുല്ലക്കര എന്ന ഗ്രാമത്തിലെ കല്യാണബ്രോക്കര്‍ മനോഹരന്റെ കഥയാണ് ആദ്യരാത്രി പറയുന്നത്.

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ജോണ്‍പോള്‍ തിരക്കഥ ഒരുക്കിയ കമല്‍ ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. വിനായകന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ലക്ഷദ്വീപിന്റെ സൗന്ദര്യക്കാഴ്ചകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

സൗബിനും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന വികൃതിയാണ് നാളെ തിയറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം. മുന്നില്‍ക്കാണുന്നതെന്തും സോഷ്യല്‍മീഡിയായില്‍ പടംപിടിച്ചിടുന്ന കഥാപാത്രമാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. കൊച്ചിമെട്രോയില്‍ തളര്‍ന്നു കിടന്ന യുവാവിനെ മദ്യപാനിയായി ചിത്രീകരിച്ച് സോഷ്യല്‍മീഡിയായില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ നിന്നാണ് വികൃതിയുടെ കഥ.

മഞ്ജുവാര്യര്‍ ആദ്യമായി തമിഴില്‍ അരങ്ങേറ്റം കുറിച്ച ധനുഷ് ചിത്രം അസുരനും നാളെ കളത്തിലിറങ്ങും. വെട്രിമാരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രവും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here