ചെറിയവേഷങ്ങളിലൂടെ മുഖംകാണിച്ചെത്തി മലയാളത്തിലെ മുന്‍നിര നടനായി മാറിയയാളാണ് ജയസൂര്യ. യുവതാരങ്ങള്‍ അരങ്ങുവാഴുമ്പോള്‍ കരിയറിന്റെ ഗതിമാറ്റി സഞ്ചരിക്കാനുള്ള ശ്രമത്തിലാണ് ജയസൂര്യ. എക്കാലത്തും വ്യത്യസ്തതും വെല്ലുവിളി നിറഞ്ഞതുമായ നിരവധി വേഷങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായ നടനുമാണ് അദ്ദേഹം.

ഊമപ്പെണ്ണിന് ഉരിയാടാ പയ്യനില്‍ തുടങ്ങി മേരിക്കുട്ടി വരെ നീളുന്ന ഒരുപടി ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്. പ്രണയനായകനില്‍ നിന്ന് പൊട്ടിച്ചിരിപ്പിക്കുന്ന നായകനിലേക്കും കാമ്പുള്ള കഥാപാത്രങ്ങളിലേക്കും കരിയര്‍ മാറ്റാന്‍ ജയസൂര്യയ്ക്ക് കഴിഞ്ഞു. ഇന്ത്യന്‍ ഫുട്ബാള്‍ ചരിത്രത്തില്‍ മായ്ക്കപ്പെടാത്ത പേരുകളിലൊന്നായ വി.പി. സത്യന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ചതോടെ ജയസൂര്യയെന്ന നടന്റെ വളര്‍ച്ചയുടെ മറ്റൊരുഘട്ടമാണ് താണ്ടിയത്.

പിന്നാലെ രണ്ടു ബയോപിക് ചിത്രങ്ങള്‍ കൂടി അദ്ദേഹം തെരഞ്ഞെടുത്തിരിക്കയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ സത്യന്റെ ജീവിതം വെള്ളിത്തിരയില്‍ അഭിനയിക്കാനുള്ള നിയോഗവും ജയസൂര്യയെയാണ് തേടിയെത്തിയത്. ഏറ്റവുമൊടുവില്‍ മെട്രോമാന്‍ ഇ.ശ്രീധരന്റെ ജീവിതവും വെള്ളിത്തരയിലെത്തുന്നത് ജയസൂര്യയിലൂടെയാണ്. വി.കെ. പ്രകാശ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് രാമസേതു എന്നാണ് പേരിട്ടിരിക്കുന്നത്.

പാമ്പന്‍ പാലം പുനര്‍നിര്‍മ്മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഇ.ശ്രീധരന്റെ ജീവിതകാലമാകും സിനിമയിലുണ്ടാകുക. സുരേഷ്ബാബുവാണ് കഥാകൃത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here