താരങ്ങളുടെ തനിനിറം; കിട്ടുണ്ണിയാകുന്ന ഇന്നസെന്റും കളിയാടി കുഴഞ്ഞാടി ഊര്‍മ്മിളയും

0

നടീനടന്മാര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത് വെറും കഥാപാത്രങ്ങളെയാണെന്ന് പറയുന്നതൊക്കെ വെറുതെയാണ്. അവരുടെ വ്യക്തിത്വമെന്നത് അത്തരം കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുംവിധം ‘കോമഡി’ ആകുന്നതെങ്ങനെയെന്ന് ജനം കണ്ടുകൊണ്ടിരിക്കുകയാണ്.

നടനും എം.എല്‍.എമാരുമായ മുകേഷിനും ഗണേശ്കുമാറിനും പിന്നാലെ താരസംഘടനയിലെ അംഗങ്ങളായ ഇന്നസെന്റും നടി ഊര്‍മ്മിളാ ഉണ്ണിയുമാണ് കഴിഞ്ഞ ദിവസം തങ്ങളുടെ തനിനിറം കാട്ടിയത്.

നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കുന്നതെന്നാണെന്ന് ചോദ്യമെറിഞ്ഞ ഊര്‍മ്മിളാ ഉണ്ണിയുടെയും മുന്‍ പ്രസിഡന്റും ചാലക്കുടി എം.പിയുമായ ഇന്നസെന്റിന്റേയും പ്രതികരണങ്ങളാണ് നവമാധ്യമങ്ങളില്‍ വിമര്‍ശനവിധേയമാകുന്നത്.

കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ദിലീപ് വിഷയം ചോദിച്ചപ്പോള്‍ ‘കിലുക്കം’ എന്ന സിനിമയിലെ കിട്ടുണ്ണിയെന്ന കഥാപാത്രത്തെ ഓര്‍മ്മപ്പെടുത്തുംവിധമുള്ള പ്രതികരണമാണ് ഇന്നസെന്റ് എം.പി. നല്‍കുന്നത്. ‘സര്‍വ്വീസ് സഹകരണസംഘത്തിന്റെ മീറ്റിംഗിന് വന്നതാണ്’ എന്ന മറുപടിയാണ് അദ്ദേഹം ആവര്‍ത്തിച്ച് നല്‍കുന്നത്.

ദിലീപിനെ തിരികെയെടുത്തത് ശരിയാണോ? എന്ന് ചോദിക്കുമ്പോള്‍, ‘കാര്‍ ഇപ്പൊ വരും, ഞാനതില്‍ കയറിപോകും’ എന്നാണ് ഇന്നസെന്റിന്റെ ‘കിട്ടുണ്ണി’ സ്‌റ്റെയിലിലുള്ള പ്രതികരണം. ഭയങ്കരമായ തമാശ പങ്കുവയ്ക്കുകയാണെന്ന മട്ടിലുള്ള, ഒരു ജനപ്രതിനിധികൂടിയ അദ്ദേഹത്തിന്റെ മറുപടിക്ക് രൂക്ഷവിമര്‍ശനമാണ് നവമാധ്യമങ്ങളില്‍ ലഭിക്കുന്നതും.

ഇതിനേക്കാള്‍ ‘മികച്ച’ പ്രതികരണമാണ് നടി ഊര്‍മ്മിളാ ഉണ്ണിയില്‍ നിന്നും ഉണ്ടായത്. ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൊഞ്ചിക്കുഴഞ്ഞാടി അവര്‍ നല്‍കുന്ന മറുപടി ഏതൊരു സ്ത്രീയെയും നാണിപ്പിക്കുന്നതാണ്.

നിങ്ങളും ഒരമ്മയല്ലേ? എന്ന ചോദ്യത്തിന് ”അമ്മേ….അമ്മേ….എനിക്ക് അമ്മയെക്കാണണം….” എന്നാണ് നാടകീയമായി അവര്‍ പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ടപ്പോഴും ഇത്തരം സംഭവം സംഘടനയ്ക്കുള്ളില്‍ പറഞ്ഞ് ഒതുക്കിത്തീര്‍ക്കണമായിരുന്നു എന്ന അഭിപ്രായം പങ്കുവച്ചയാളാണ് ഊര്‍മ്മിളാ ഉണ്ണി.

നടന്മാരും എം.എല്‍.എമാരുമായ മുകേഷും ഗണേശ്കുമാറുമാണ് മുമ്പ് ഇത്തരത്തില്‍ പ്രതികരിച്ചത്. ‘കമ്പിളിപ്പുതപ്പ്’ എന്ന് ചോദിക്കുമ്പോള്‍ ‘കേള്‍ക്കുന്നില്ലാ…’ എന്ന് ആവര്‍ത്തിക്കുന്ന മുകേഷിന്റെ കഥാപാത്രത്തെ പോലെ ദിലീപ് വിഷയത്തില്‍ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന് ആവര്‍ത്തിച്ചാണ് എം.എല്‍.എ. മുകേഷ് അഭിനയപാടവം പുറത്തെടുത്തത്. ഗണേശനാകാട്ടെ, മണിച്ചിത്രത്താഴിലെ പപ്പുവിന്റെ കഥാപാത്രത്തെ സ്മരിച്ച്, ഒന്നും മിണ്ടില്ലെന്ന ആംഗ്യം കാട്ടി കാറില്‍ കയറി രക്ഷപ്പെട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here