ഓസ്കര്‍ നാമനിര്‍ദേശത്തില്‍ അഭിമാനനേട്ടവുമായി മലയാളം. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട് ഇന്ത്യയില്‍ നിന്നുള്ള ഓസ്കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. വിദേശചിത്ര വിഭാഗത്തിലാണ് സിനിമ മല്‍സരിക്കുക. ഓസ്കര്‍ എന്‍ട്രി കിട്ടുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ജല്ലിക്കെട്ട്. ഒരു പോത്തിന് പിന്നാലെ പായേണ്ടിവരുന്ന ഒരു ജനതയുടെ ജീവിതമാണ് ലിജോയുടെ സിനിമ പറയുന്നത്.

ഏറെ നിരൂപക പ്രശംസ നേടിയ സിനിമ ധാരാളം പുരസ്കാരങ്ങള്‍ സ്വന്തമാക്കിയാണ് പുതിയ നേട്ടത്തിലേക്ക് എത്തുന്നത്. 1997–ൽ ഗുരു, 2011–ൽ ആദാമിന്റെ മകൻ അബു എന്നീ സിനിമകളാണ് ഇതിനു മുമ്പ് ഒാസ്കർ എൻട്രി ലഭിച്ച മലയാള സിനിമകൾ. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെയുള്ള നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയിരുന്നു. ഗോവൻ ചലച്ചിത്ര മേളയിൽ‌ രജതമയൂരം നേടിയതും ജെല്ലിക്കെട്ടാണ്. ഐഎഫ്എഫ്കെ 2019–ലും സിനിമ നേട്ടങ്ങൾ കരസ്ഥമാക്കി.

ഒരു ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. >ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തിൽ ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അതുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here