കൈയ്യടക്കമുള്ള തിരക്കഥ ‘ഉയരങ്ങളില്‍’

0

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘ഉയരെ’ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ബോബി സഞ്ജയ് തിരക്കഥ നിര്‍വഹിച്ച ചിത്രത്തില്‍പാര്‍വതി തിരുവോത്ത് മുഖ്യവേഷത്തിലെത്തിയത്.

സംവിധായകന്‍ സത്യന്‍ അന്തിക്കാട് അടക്കമുള്ള നിരവധിപേരാണ് ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തുന്നത്. കൈയൊതുക്കമുള്ള തിരക്കഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘ഉയരെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്്റ്റിന്റെ പൂര്‍ണ്ണരൂപം…


ഉയരെ’ കണ്ടു. കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിര്‍ബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീര്‍ന്നപ്പോള്‍ തിയ്യേറ്ററിലുയര്‍ന്ന കൈയടി എന്നെ ഏറെ സന്തോഷിപ്പിച്ചു.കാരണങ്ങള്‍ രണ്ടാണ്.
ഒന്ന് ‘ഉയരെ’ മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി എന്നത്. മറെറാന്ന്, ആദ്യമായി ഒരു സിനിമയെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ റിസ്‌കും വെല്ലുവിളികളുമൊന്നും കാര്യമാക്കാതെ ‘എസ് ക്യൂബ്സ്’ എന്ന പുതിയ നിര്‍മ്മാതാക്കള്‍ കാണിച്ച ധൈര്യം. ബോബിയും സഞ്ജയും ഇതാദ്യമായല്ല നമ്മളെ അതിശയിപ്പിക്കുന്നത്. വിശാലമായ ഒരു കഥയല്ല, മനുഷ്യന്റെ ചില അവസ്ഥകളാണ് അവരുടെ സിനിമ. അതിന്റെ സൗന്ദര്യം ‘ട്രാഫിക്’ പോലുള്ള സിനിമകളില്‍ നമ്മള്‍ കണ്ടതാണ്. കൈയൊതുക്കമുള്ള തിരക്കഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘ഉയരെ’.
പാര്‍വ്വതിയും ടൊവീനോയും ആസിഫലിയും മാത്രമല്ല സിദ്ധിക്കും പ്രേംപ്രകാശുമടക്കം അഭിനയിച്ച എല്ലാവരും ‘ഉയരെ’ക്ക് ഉയിരു നല്‍കിയവരാണ്. ക്യാമറയും എഡിറ്റിംഗും സംഗീതവും എല്ലാം. മലയാളത്തില്‍ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിത്. സക്കരിയ,മധു.സി.നാരായണന്‍, ഇപ്പോഴിതാ മനു അശോകനും. മനു ഒരു വലിയ പ്രതീക്ഷയാണ്. എല്ലാവര്‍ക്കും എന്റെ സ്നേഹം.’
മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. നോട്ട്ബുക്കിനു ശേഷം പാര്‍വതിയും ബോബി-സഞ്ജയ് ടീം ഒരുമിക്കുന്ന സിനിമയാണ് ‘ഉയരെ’.

LEAVE A REPLY

Please enter your comment!
Please enter your name here