ദിലീപ് ഇനി അമ്മയിലേക്കില്ല;  ‘കെണിയില്‍ പെട്ടത്’  മോഹന്‍ലാല്‍

പെണ്‍കൂട്ടായ്മയെ പൊളിച്ചടുക്കാന്‍ നീക്കം

0

നടിയെ അക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് പ്രമുഖ നടിമാര്‍ അംഗത്വം രാജിവച്ച് തിരിച്ചടിച്ചതിനെ മറികടക്കാന്‍ അണിയറനീക്കം. പെണ്‍കൂട്ടായ്മയായ വിമെണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ അംഗങ്ങളെ കൂട്ടത്തോടെ രാജിവയ്പിക്കാനുള്ള ശ്രമമാണ് ‘അമ്മ’യുടെ പ്രമുഖതാരങ്ങളടക്കം നീക്കം നടത്തുന്നത്.

മഞ്ജുവാര്യര്‍, പാര്‍വതി അടക്കമുള്ള നടിമാര്‍ പെണ്‍കൂട്ടായ്മയില്‍ അംഗങ്ങളാണെങ്കിലും ഇതുവരെ ‘അമ്മ’യില്‍ നിന്നും രാജിവയ്ക്കുന്ന തീരുമാനത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. അക്രമിക്കപ്പെട്ട നടി, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍ നിന്നും രാജിവച്ചത്. യുവനിരയടക്കം സ്വന്തംകാലില്‍ നില്‍ക്കാന്‍ കഴിയുന്നവരെല്ലാം താരാധിപത്യസംഘടനയോട് വിയോജിപ്പുള്ളവരാണ്. പരസ്യമായി അവര്‍ രംഗത്തില്ലെങ്കിലും അക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ്ണ പിന്‍തുണ നല്‍കുന്നവരാണ് പൃഥ്വിരാജടക്കമുള്ള നായകനടന്മാരടങ്ങിയ യുവനിര.

വിവാദങ്ങള്‍ വിട്ടൊഴിയാത്ത പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പൊഴിവാക്കാനാണ് മോഹന്‍ലാലിനെ പ്രസിഡന്റ് പദവിയിലെത്തിച്ചത്. സാഹചര്യമറിഞ്ഞ് തന്ത്രപരമായി ഭാരവാഹിത്വത്തില്‍ നിന്ന് മമ്മൂട്ടി ഒഴിഞ്ഞുമാറിയെങ്കിലും പെട്ടുപോയത് മോഹന്‍ലാലാണ്. ലാല്‍ പ്രസിഡന്റായാല്‍ വിയോജിപ്പുകളെല്ലാം മറികടക്കാനുമെന്ന് കൂടെയുള്ളവര്‍ വിശ്വസിപ്പിച്ചിരുന്നു. ശുദ്ധഗതിക്കാരനായ മോഹന്‍ലാല്‍ ഇതുകേട്ടാണ് പദവി ഏറ്റെടുത്തത്. ഒരുഘട്ടത്തില്‍ മധുവിനെപോലെ സീനിയറായ താരങ്ങളെ പരിഗണിക്കുന്നത് വരെ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് മോഹന്‍ലാലിന്റെ തലയില്‍ ഭാരവാഹിത്വം വച്ചുകൊടുത്തത്. ലാലിന്റെ പൊതുജനസ്വീകാര്യത മറയാക്കി കരുനീക്കം നടത്താനുള്ള അണിയറനീക്കത്തില്‍ ശുദ്ധഗതിക്കാരനായ മോഹന്‍ലാല്‍ വീഴുകയായിരുന്നു.

ലാലിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ പിണക്കംമറന്ന് എല്ലാവരും ഒത്തുകൂടുമെന്നും പിന്തുണച്ചവര്‍ വിശ്വസിപ്പിച്ചു. എന്നാല്‍ അമ്മയുടെ യോഗത്തിന് എത്തിയവരുടെ എണ്ണം ഏറ്റവും കുറഞ്ഞുപോയത് മോഹന്‍ലാലിന്റെ സ്ഥാനാരോഹച്ചടങ്ങിലാണ്. ഇതിലുള്ള പരിഭവം മോഹന്‍ലാല്‍ പങ്കുവയ്ക്കുകയും ചെയ്തു.

അക്രമിക്കപ്പെട്ട നടിയടക്കം രാജിപ്രഖ്യാപിച്ചതോടെ മോഹന്‍ലാല്‍ വെട്ടിലായി. പൊതുസമൂഹത്തില്‍ അവര്‍ക്കനുകൂലമായ അഭിപ്രായരൂപീകരണം ഉണ്ടാകുന്നതും ലാലിന്റെ പ്രതിശ്ഛായയെ ബാധിക്കുമോയെന്ന് പേടിയിലാണ് അദ്ദേഹത്തിനൊപ്പമുള്ളവര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി ബുദ്ധിപരമായി ഒഴിഞ്ഞുനില്‍ക്കുന്ന സാഹചര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ജുവാര്യരെ അടക്കം പെണ്‍കൂട്ടായ്മയില്‍ നിന്നും അടര്‍ത്തിമാറ്റാനുള്ള ശ്രമങ്ങളാണ് ചിലര്‍ നടത്തുന്നത്. അതിലേക്കും മോഹന്‍ലാലിന്റെ പേര് വലിച്ചിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

ഇത്തരത്തില്‍ സംഭവിക്കുന്നതും ലാലിന് ചീത്തപ്പേരുണ്ടാക്കാനേ ഇടയാക്കൂവെന്നാണ് ലാലിനോടടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ നടന്‍ ദിലീപ് ഇനി ‘അമ്മ’യിലേക്കില്ലെന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. തന്റെ പേരില്‍ കലഹം വേണ്ടെന്ന് പറഞ്ഞ് മാറിനില്‍ക്കുന്നതാണ് ഉചിമെന്നാണ് ദിലീപ് കണക്കുകൂട്ടുന്നത്.

വിവാദങ്ങള്‍ക്കിടെ റിലീസായ ‘രാമലീല’, ‘കമ്മാരസംഭവം’ എന്നീ രണ്ടു ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഫലത്തില്‍ അമ്മയില്‍ അംഗമല്ലാത്ത ഒരു നടന്‍ നേടിയ വന്‍വിജയമാണ് കോടികള്‍ വാരിയ രണ്ടുചിത്രങ്ങളും. അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളും വിജയസാധ്യതയുള്ളവയാണ്. തല്‍ക്കാലം ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഇമേജാണ് ദിലീപിനും സുരക്ഷിതം. വേട്ടയാടപ്പെടുന്നവന്‍ എന്നനിലയിലും പ്രേക്ഷകപിന്‍തുണ ലഭിക്കുമെന്നും ദിലീപിനോടടുത്ത വൃത്തങ്ങള്‍ കണക്കുകൂട്ടുന്നു.

അറസ്റ്റിലാകുംമുമ്പ് നടന്ന യോഗത്തില്‍ എം.എല്‍.എമാരായ പ്രമുഖ നടന്മാര്‍ അടക്കം ദിലീപിനെ ന്യായീകരിച്ചത് പൊതുസമൂഹത്തില്‍ ദിലീപിന് ദോഷകരമായാണ് വന്നത്. അത്തരം ചര്‍ച്ചകളാണ് വീണ്ടുമുയര്‍ന്നു വരുന്നതും. അതുകൊണ്ടുതന്നെ ഒറ്റയ്ക്ക് നില്‍ക്കുന്നതാണ് ഉചിതമെന്നാണ് ദിലീപിനെ കൂടെയുള്ളവര്‍ ഉപദേശിക്കുന്നതും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here