നിര്‍മ്മാതാവ് പിന്‍മാറി; ബ്ലസിയുടെ സ്വപ്‌ന ചിത്രം ആടു ജീവിതം നിര്‍ത്തി

0
3

കുവൈറ്റ്: ഗള്‍ഫ് പശ്ചാത്തലത്തില്‍ 30 കോടി രൂപ മുടക്കി ഒരുക്കാനിരുന്ന, ബ്ലെസിയുടെ സ്വപ്ന ചിത്രം ‘ആട് ജീവിതം’ തടസപ്പെട്ടു. ഈ വര്‍ഷാവസാനം ചിത്രീകരണം തുടങ്ങാനിരുന്ന ചിത്രത്തില്‍ നിന്ന് നിര്‍മ്മാതാവായ പ്രവാസി വ്യവസായി പിന്‍മാറി.

ഗള്‍ഫ് പശ്ചാത്തലമാക്കി ബെന്യാമിന്‍ എഴുതിയ ആട് ജീവതം സിനിമയാക്കാനുള്ള ശ്രമങ്ങള്‍ ബെസി തുടങ്ങിയത് അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ത്രി ഡി ചിത്രമായി മൂന്നോ നാലോ ഭാഷകളില്‍ ഒരുക്കാന്‍ പദ്ധതിയിട്ടിരുന്ന ചിത്രത്തിലേക്ക് പല പ്രമുഖ താരങ്ങളുടെ പേരുകളും ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരുന്നു. പൃഥിരാജ് നായകനാകുമെന്നും കുവൈറ്റിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ജോര്‍ദ്ദാനിലും ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് പല ശാരീരിക പരിവര്‍ത്തനങ്ങളിലൂടെ കടന്നുപോകണമെന്നുള്ളതിനാല്‍ 2017 നവംബര്‍ മുതല്‍ 2019 മാര്‍ച്ചിനിടെ, പലപ്പോഴായിട്ടാണ് പൃഥ്വിരാജ് ഡേറ്റ് നല്‍കിയിരുന്നത്.

തിരക്കഥ അടക്കം പൂര്‍ത്തിയാക്കി, ചിത്രീകരണം തുടങ്ങാനൊരുങ്ങുന്ന വേളയിലാണ് നാടകീയമായി നിര്‍മ്മാതാവിന്റെ പിന്‍മാറ്റം. കോടികള്‍ മുടക്കിയശേഷമുള്ള നിര്‍മ്മാതാവിന്റെ പിന്‍മാറ്റത്തെക്കുറിച്ച് പ്രതികരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയാറായിട്ടില്ല. ഡിസ്‌നി സ്റ്റുഡിയോ തന്മാത്രയുടെ ഹിന്ദി പതിപ്പുമായി ബന്ധപ്പെട്ട് സമീപിച്ചതടക്കമുള്ള ഓഫറുകള്‍ ഉപേക്ഷിച്ചാണ് ബ്ലസി ആടു ജീവിതത്തിന് സമയം മാറ്റി വച്ചതെന്നും ചിത്രം മുടങ്ങുന്നതില്‍ അദ്ദേഹം കടുത്ത അതൃപ്തിയിലാണെന്നുമാണ് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഗള്‍ഫിലെ ബിസിനസുകളില്‍ നേരിടുന്ന തിരിച്ചടികളാണ് സിനിമയില്‍ നിന്ന് പിന്‍മാറാന്‍ പ്രവാസി വ്യവസായിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്ക് പുതിയ വന്‍കിട കരാറുകളൊന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. കുവൈറ്റിലെ ജീവനക്കാര്‍ക്ക് 2016ലെ ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ പോലും ഇതുവരെയും വിതരണം ചെയ്തിട്ടില്ല.

മറ്റൊരു പ്രവാസി വ്യവസായിയായ രവി പിള്ളയുടെ കമ്പനി (എന്‍.എസ്.എച്ച്) കുവൈറ്റില്‍ പ്രവര്‍ത്തനം വിപുലീകരിച്ചതും ഓയില്‍ ആന്റ് ഗ്യാസ് സെക്ടറില്‍ വന്‍കിട കരാറുകള്‍ സ്വന്തമാക്കുകയും ഇവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. കമ്പനികളുടെ പ്രഖ്യാപിത കണക്കുകളിലുള്ളതിനെക്കാള്‍ കൂടുതല്‍ പണം നാട്ടിലേക്ക് അയച്ച പ്രവാസികള്‍ക്കെതിരെ കുവൈറ്റ് സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്ന സമയം കൂടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here