ബിനീഷിന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് മാപ്പ്, വിശദീകരണവുമായി അനില്‍ രാധാകൃഷ്ണ മേനോന്‍ രംഗത്ത്

0
4

കൊച്ചി: പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍.

കോളജ് ഡേയ്ക്ക് അതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളജ് മാസിക പ്രകാശനം ചെയ്യാനെത്തിയ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതാണ് വിവാദത്തിനു തിരികൊളുത്തിയത്.

കഴിഞ്ഞ ദിവസം കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്റെ പരിപാടിക്കിടെയാണ് സംഭവം. തന്റെ സിനിമയില്‍ അവസരം ചോദിച്ചു നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും അതിനാല്‍ പരിപാടി കഴിഞ്ഞുവന്നാല്‍ മതിയെന്നും കോളജ് അധികൃതര്‍ ആവശ്യപ്പെട്ടുവെന്നാണ് ബിനീഷ് വെളിപ്പെടുത്തിയത്.

ഇതില്‍ പ്രതിഷേധിച്ച് വേദിയിലെത്തിയ നടന്‍, നിലത്ത് കുത്തിയിരിക്കുകയായിരുന്നു, പിന്നെ കരഞ്ഞുകൊണ്ടാണ് വേദി വിട്ടത്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്, പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂര്‍ പിന്നിട്ടശേഷം എത്തിയാല്‍ മതിയെന്ന് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. മാഗസിന്‍ പ്രകാശനത്തിന് വരാമെന്നേറ്റ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്ന് പറഞ്ഞതായി ഇവര്‍ നടനോട് കാരണമായി പറഞ്ഞത്.

നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച ബിനീഷിനോട് ഇറങ്ങി വരാനും ഇല്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്നും കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. പിന്നാലെ സംസാരിച്ച ബിനീഷ് ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍സല്‍ട്ടിംഗ് അനുഭവിക്കേണ്ടിവന്ന നിമിഷമാണ് ഇന്നന്നെ് പറയുകയായിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ച ബിനീഷ് താന്‍ മേനോനല്ല, നാഷണല്‍ അവാര്‍ഡ് വാങ്ങിച്ച ആളല്ലെന്നും കൂട്ടിച്ചേര്‍ത്തു.

എനിക്ക് വിദ്യാഭ്യാസമില്ല, അതോണ്ട് ഞാന്‍ എഴുതിക്കൊണ്ടുവന്നതാണെന്ന് പറഞ്ഞ് അദ്ദേഹം നിറകണ്ണുകളോടെ കയ്യിലുള്ള കുറിപ്പ് വായിച്ചു. കുറിപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം യാത്ര പറഞ്ഞിറങ്ങുകയും ചെയ്തു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി അനില്‍ രാധാകൃഷ്ണ മേനോന്‍ രംഗത്തെത്തി. പരിപാടിയില്‍ താനല്ലാതെ മറ്റൊരാള്‍ ഉണ്ടെങ്കില്‍ തന്നെ ഒഴിവാക്കണമെന്നാണ് സംഘാകരോട് ആവശ്യപ്പെട്ടിരുന്നതെന്നും ബിനീഷിന് വിഷമമുണ്ടായെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ വ്യക്തമാക്കി. തലേ ദിവസമാണ് പരിപാടിക്ക് ക്ഷണിച്ചത്. വരില്ലെന്ന് ആദ്യം പറഞ്ഞു, പിന്നീട് ഔദ്യോഗികമായി വന്നു ക്ഷണിച്ചാല്‍ വരാമെന്ന് സംഘാടകരോട് പറഞ്ഞു. പണം വാങ്ങാതെയാണ് ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതെന്നും മറ്റൊരാളുടെ ലൈം ലെറ്റ് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിനീഷ് വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എല്ലാവരോടും കൈയടിക്കാന്‍ പറഞ്ഞതെന്നു പറഞ്ഞ അനില്‍ ബീനീഷിന്റെ സാമിപ്യം പ്രശ്‌നമാണെന്ന് പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനോട് ഫെഫ്ക വിശദീകരണം ചോദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here