ഭര്‍ത്താവിനെ കാണാനില്ലെന്ന് മേക്കപ്പില്ലാതെ ലൈവ് വീഡിയോ ഇട്ട് നാട്ടുകാരെ പറ്റിച്ച നടി ആശാ ശരത്തിന് പണി കൊടുത്ത് അഭിഭാഷകന്‍. ‘എവിടെ?’- എന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് വ്യത്യസ്തമായ പ്രചരണവുമായി അണിയറപ്രവര്‍ത്തകര്‍ ആശാ ശരത്തിനെ സമീപിച്ചത്.

ഫെയ്‌സ്ബുക്കില്‍ ലൈവിട്ട് ഇങ്ങനെ പറഞ്ഞാല്‍ പൊതുജനം ആശങ്കപ്പെടില്ലേയെന്ന ശങ്കയൊന്നും ആശയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമുണ്ടായതുമില്ല. സംഭവം വിവാദമായതോടെ പ്രൊമോഷന്‍ വീഡിയോ ആണെന്ന് വ്യക്തമാക്കിയെങ്കിലും ‘ഭര്‍ത്താവിനെ കണ്ടുകിട്ടുന്നവര്‍ കട്ടപ്പന പോലീസില്‍ അറിയിക്കണമെന്ന്’ കരഞ്ഞുപറഞ്ഞതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചത്.

ഒരു സിനിമയുടെ പ്രചരണത്തിനുവേണ്ടി ഇത്തരം വ്യാജപ്രചരണം നടത്തുന്നത് ശരിയല്ലെന്ന അഭിപ്രായം നവമാധ്യമങ്ങളിലടക്കം ഉയര്‍ന്നു. പിന്നാലെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതോടെയാണ് സിനിമാ പ്രവര്‍ത്തകര്‍ ശരിക്കും ആശങ്കയിലാകുന്നത്.

നവമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി ലോക്‌സഭയില്‍ പ്രസംഗിച്ചത് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അഭിഭാഷകന്‍ പരാതി നല്‍കിയത്. ഐ.പി.സി. 107, 117, 182 വകുപ്പുകള്‍, ഐ.ടി. ആക്ട്, കേരളപോലീസ് ആക്ട് എന്നിവപ്രകാരം ആശാ ശരത് ചെയ്തത് കടുത്ത കുറ്റമാണെന്നും പരാതിയിലുണ്ട്.

കട്ടപ്പന പോലീസിന്റെ പേരു പറഞ്ഞ് വീഡിയോ ഇട്ടതോടെ നിരവധി ഫോണ്‍കാളുകളും അന്വേഷണങ്ങളും പോലീസ് സ്‌റ്റേഷനിലെത്തിയതായും സിനിമാ പ്രചരണമാണെന്ന് വ്യക്തമാക്കേണ്ടി വന്നതായും കട്ടപ്പന എസ്.ഐ. സന്തോഷ് സജീവനും പ്രതികരിച്ചിട്ടുണ്ട്.

അണിയറപ്രവര്‍ത്തകര്‍ പ്രചരണത്തില്‍ കാട്ടിയ അതിബുദ്ധി തിയറ്ററിലെത്തിയ ചിത്രത്തെയും ദോഷകരമായി ബാധിച്ചോയെന്ന് കണ്ടുതന്നെയറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here