നായകന്മാരുടെ പഞ്ച് ഡയലോഗല്ല; ഇത് അരുവിയുടെ നീറി പിടിപ്പിക്കുന്ന ചോദ്യങ്ങള്‍

0
4

“നാന്‍ ഒരു തടവൈ…, നീ പോ മോനെ…., സവാരി…., ഇന്ത്യയെന്തെന്നറിയണം…, ഫ! പുല്ലേ…ഐ ആം……” ഇത്രയും കേട്ടാല്‍ മതി നമ്മള്‍, സ്‌ക്രീനിലെ നെടുനായക ഡയലോഗുകള്‍ കാണാതെ പറയും. അത്രയ്ക്കുണ്ട്, നായകപരിവേഷം പേറി സ്‌ക്രീനില്‍ നിറഞ്ഞാടുന്ന പൗരുഷപ്രതീകങ്ങള്‍. എന്നാലിവിടൊരു നായിക വെള്ളിത്തിരിയില്‍ ഗര്‍ജ്ജിക്കുന്നില്ല, അവളുടെ നെടുനീളന്‍ ഡയലോഗില്‍ നീറിപിടിപ്പിക്കുന്ന ചിന്തകള്‍ മാത്രം. മാസ് എന്‍ട്രിയില്ല, മരണമാസ് പഞ്ചല്ല എന്നിട്ടും കൈയടിനേടുകയാണ് ‘അരുവി’ എന്ന കുഞ്ഞു തമിഴ് ചിത്രവും നായിക കഥാപാത്രവും അതിലെ സംഭാഷണശകലങ്ങളും.

അരുണ്‍ പ്രഭു പുരുഷോത്തമന്‍ എന്ന സംവിധായകന്റെ ആദ്യസിനിമയാണ് അരുവി. നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളിബന്ധമുള്ള അതിഥി ബാലനും. മികച്ച അഭിപ്രായം നേടിയാണ് സിനിമ മുന്നേറുന്നത്. തമിഴിലെ സൂപ്പര്‍താരം ധനുഷ് ‘വേലയില്ലാ പട്ടതാരി’ എന്ന സിനിമയില്‍ സ്ലോ മൂഡിലുള്ള നെടുങ്കന്‍ ഡയലോഗ് അവതരിപ്പിച്ചത് കൈയടി നേടിയിരുന്നു. എന്നാല്‍ ‘അരുവി’യുടെ സംഭാഷണമാകട്ടെ, പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്നതും.
ടി.വി. ചാനലുകളില്‍ പാവപ്പെട്ടവരെ വിളിച്ചിരുത്തി വിചാരണ നടത്തി കുടുംബപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രോഗ്രാമുകളിലെ തട്ടിപ്പും മാധ്യമങ്ങളിലെ റേറ്റിങ്ങും പരസ്യതാല്‍പര്യവുമെല്ലാം ചേര്‍ന്ന് നയിക്കപ്പെടുന്ന സാമൂഹ്യ സാഹചര്യങ്ങളെ വ്യക്തമാക്കുകയാണ് അരുവി. തമിഴ് സിനിമയുടെ പതിവ് രീതികളെ വിമര്‍ശനവിധേയമാക്കാനും സംവിധായകന്‍ ഇതിലൂടെ തുനിഞ്ഞിട്ടുണ്ട്. ദൈവത്തെക്കുറിച്ചുള്ള ചിന്തയും സമൂഹം പറയുന്ന നിയമങ്ങളനുസരിച്ചാലും മാത്രമേ സന്തോഷപ്രദമായ ജീവിതം ഉണ്ടാകൂവെന്ന ടിവി ഷോയിലെ അവതാരകയുടെ അഭിപ്രായത്തിനുള്ള അരുവിയുടെ മറുപടി ഇങ്ങനെയാണ്:
” നിങ്ങളെല്ലാം സന്തോഷമായിക്കുന്നു. എന്താണ് സന്തോഷം? ഈ സമൂഹം പറയുമ്പോലെയിരുന്നാല്‍ സന്തോഷത്തോടെ ജീവിക്കാനാകുമോ? സമൂഹം പറഞ്ഞുതരുന്നതെന്താണ്? കള്ളം പറയരുത്, തെറ്റ് ചെയ്യരുത്, എതിര്‍ത്ത് ഒന്നും മിണ്ടരുത്, എല്ലാ ഭാരവും ദൈവത്തിന്റെ തലയില്‍ വയ്ക്ക്…ഇതെല്ലാം പിന്തുടര്‍ന്നാല്‍ സന്തോഷം കിട്ടുമോ?
ഈ സമൂഹത്തില് സന്തോഷമായിരിക്കണമെന്നാല്‍, ഈ നിയമങ്ങള്‍ മാത്രം പാലിച്ചാല്‍ പോരാ, അതിനേക്കാള്‍ വലിയ ഉത്തരവാദിത്തമുണ്ട്. ഒരു കുടുംബം, രണ്ട് കുട്ടികള്‍, ഒരു ‘നല്ല’ കുടുംബം, മാസശമ്പളത്തിന് ഒരുജോലി, മൂന്നുനേരം ആഹാരം, ഒരു വീട്, ഒരു ടി.വി., അത് വാങ്ങിയാ..,ഒരു എല്‍.സി.ഡി, അതുംവാങ്ങിയാ എല്‍.ഇ.ഡി, അതും വാങ്ങിയാ ഒരു ഹോംതിയറ്റര്‍, പറ്റിയാല്‍ ഒരു കാറ്, പിന്നെ അതിലും വലിയ കാര്‍, അതും കിട്ടിക്കഴിഞ്ഞാ ഒരു ആഢംബരകാര്‍, കുട്ടികള്‍ക്ക് നല്ല സ്‌കൂള്‍, അത് ഉറപ്പായും സര്‍ക്കാര്‍ സ്‌കൂള്‍ ആകരുത്, ഒരു പ്രൈവറ്റ് സ്‌കൂള്‍, പറ്റുമെങ്കി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തന്നെ വേണം.

ഒരു കുടുംബം സന്തോഷമായിരിക്കണമെങ്കില്‍ ആഴ്ചയിലൊരു തവണ ബീച്ചിലോ റെസ്‌റ്റോറന്റിലോ ഷോപ്പിങ്ങ്മാളിലോ സിനിമയ്‌ക്കോ കൊണ്ടുപോകണം. അതും നല്ല തിയറ്റര്‍ തന്നെ വേണം. അവിടെ പോകാന്‍ കുറഞ്ഞത് 120 രൂപ. എന്തു പടമാണ് പിടിച്ചുവയ്ക്കുന്നത്? ഒരു കുടുംബം ആയിരം രൂപ ചെലവിട്ട് ഒരു സിനിമ കാണാനെത്തുമ്പോ അതിലെന്തെങ്കിലുമൊന്ന് വേണ്ടേ? ഒരു മണ്ണാംകട്ടയുമില്ല…എന്നാലും നമ്മള്‍ ആ പടം കണ്ടേ മതിയാവൂ. കാരണം അതാണ് വിധി.

ഇതിനെല്ലാത്തിനുംകൂടി നല്ല ഉടുപ്പ്, ഷൂസ്, ചെരുപ്പ്, തുണി എല്ലാം വേണം. എന്തുവേണോ വാങ്ങാം. വാങ്ങാം എന്നു പറഞ്ഞാല്‍പോരാ, വാങ്ങിയേ മതിയാവൂ. എന്തുവാങ്ങണം എന്നാലോചിച്ച് ആരും തലപുകയ്ക്കണ്ട. നിങ്ങളെച്ചുറ്റി, നിങ്ങള്‍ നിന്നാലോ നടന്നലോ ബസ് കാത്തിരുന്നലോ എവിടെ തിരിഞ്ഞാലും ടിവി, റേഡിയോ, ന്യൂസ്‌പേപ്പര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍, റോഡ്…റോഡ് മുഴുവന്‍ കട, കട നിറയെ പരസ്യം. പരസ്യം നിറയെ ആകര്‍ഷകമായ ഡിസ്‌കൗണ്ട് വില്‍പന. ഇവിടെ ഒരേയൊരു നിയമം. പണം.

ഈ സമൂഹം പറയുന്നതെന്താണ്? നീ പണക്കാരനായിരുന്നാ, നിന്നെ ബഹുമാനിക്കും. പണക്കാരനല്ലേ നിന്നെ ബഹുമാനിക്കില്ല. സിപിംള്‍. നീ എവിടെ വേണോ ജോലിയെടുക്ക്, ആരുടെ ചട്ടിയിലും കൈയ്യിട്, ആരെവേണോ തൃപ്തിപ്പെടുത്ത്, അടിമപ്പണി ചെയ്യ്, ഭീഷണിപ്പെടുത്തി അനുസരിപ്പിക്ക്. അക്രമം, കുത്ത്, വെട്ട്…ആരെവേണോ കൊല ചെയ്യ്…, എത്രപേരെ വേണോ പറ്റിക്ക്, എത്രപ്രായമുള്ളവരേയും റേപ്പ് ചെയ്യ്…ആയിരക്കണക്കിന് ലക്ഷക്കണക്കിന് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്ത്. ആരും നിന്നെ ശിക്ഷിക്കില്ല. കാരണം സമൂഹത്തില് ഒരൊറ്റ നിയമേ ഉള്ളൂ. നീ പണമുണ്ടാക്കിയാല്‍ നിന്നെ ബഹുമാനിക്കും. ഇല്ലേല്‍ ഇല്ല. സിംപിള്‍.
നിനക്കൊരു സ്വന്തം വീടില്ലേല്‍ സ്വന്തം ഭാര്യപോലും വകവയ്ക്കില്ല, സ്വന്തക്കാരാരും വിലവെക്കില്ല, അച്ഛന്‍, അമ്മ, അനിയന്‍, അനിയത്തി, ആരും നിന്നെ ബഹുമാനിക്കില്ല. ഒരു പെണ്ണിന് സ്വന്തം മകനെ കൊടുക്കില്ല, പയ്യന് മകളെ കൊടുക്കില്ല. ഞാനെങ്ങനെ പണമുണ്ടാക്കും? ആര്‍ക്കുവേണ്ടി ഞാന്‍ പണമുണ്ടാക്കണം?
18 ജോഡി ഡ്രസ്, കുപ്പിവെള്ളം, സ്വന്തം വീട്, നാല് ലക്ഷത്തിന്റെ കാര്‍, 120 രൂപയ്ക്ക് ഒരു പൊട്ടപ്പടം. ഇതൊന്നും എന്റെ ആവശ്യമല്ല. പിന്നെ ആരുടെ ആവശ്യമാണ്?
എവിടെയോ ഇരിക്കുന്ന ഒരു നാല് മുതലാളി. അവരുടെ അടിമകളായി ഇവിടെ നാലായിരം മുതലാളിമാര്. ലോകത്തിലുള്ള അത്രയും പണക്കാരന്‍ പന്നികളും കൊഴുത്തുവളരാന്‍ ഒരു ചന്തവേണം. ആ ചന്തയാണ് ഇന്ത്യ.

ടിവിയില്‍ നൂറുതവണ പരസ്യം ചെയ്താ വേറെ വഴിയില്ല. ആ സോപ്പ് നിങ്ങള്‍ വാങ്ങിയേ പറ്റൂ. ഓരോ ദിനവും കാത്തുകാത്തിരുന്ന് ആവശ്യമില്ലാത്ത ചവറുകളെല്ലാം വാങ്ങിക്കൂട്ടി, വാങ്ങിയതെന്തിനെന്നേ മറന്ന് അടുത്തദിവസം എന്തുചെയ്യണമെന്നറിയാതെ അലഞ്ഞലഞ്ഞ് ജീവിക്കണം. അപ്പോഴേ ലോകത്തുള്ള എല്ലാ പണക്കാരും സന്തോഷമായിരിക്കു. അവരുടെ സന്തോഷമായിരിക്കാനാണ് നിങ്ങളെപ്പോലുള്ളവരെ ദൈവം സൃഷ്ടിച്ചത്. ഇതെല്ലാമറിഞ്ഞിട്ടും സമൂഹം പറയുന്ന രീതിയില്‍ നിനക്ക് ആവശ്യമില്ലാത്തതെല്ലാം ചെയ്ത് ചത്തുപോകണം. ഇതാണ് സമൂഹം പറയുന്ന കുടുംബം. ഇത് നടന്നലേ ഈ സമൂഹം നിന്റെ കുടുംബത്തെ സ്വീകരിക്കൂ, കുടുംബം നിന്നെ സ്വീകരിക്കൂ…സമൂഹം നിന്നെ ബഹുമാനിക്കൂ. ഇതെല്ലാം ചെയ്താലേ ഇവിടെ സന്തോഷമായി ജീവിക്കാനൊക്കൂ… എനിക്ക് ഇത്തരമൊരു ചവറ് ജീവിതം വേണ്ട….”

–  വെറും മൂന്നുമിനിട്ടില്‍ ഈ നായിക പറഞ്ഞതിനപ്പുറം അര്‍ത്ഥവത്തായതൊന്നും ഒരു സ്‌ക്രീനിലും ഒരു നായകനും പറഞ്ഞിട്ടില്ല. അതുതന്നെയാണ് ഈ ‘അരുവി’യെ പ്രേക്ഷകമനസുകള്‍ ഏറ്റെടുക്കുന്നതും. സൂപ്പര്‍താരത്തിന്റെ തട്ട് കിട്ടി പറന്നുപോകുന്ന വില്ലന്‍മാരെക്കണ്ട് കൈയടിച്ചുമാത്രം ശീലമുള്ള നമ്മുക്ക് ചിന്തിക്കാം എത്രമാത്രം ചവറ് ജീവിതമാണ് നമ്മള്‍ നയിക്കുന്നതെന്ന്..അതെ സ്‌ക്രീനിലെ അരുവി ഒരായിരം ചോദ്യമെറിഞ്ഞ് നമ്മെ നോക്കി പുഞ്ചിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here