ആരാധകർക്ക് വിഷുസമ്മാനമായി ‘ആറാട്ട്’ ടീസർ പുറത്ത് വിട്ട് മോഹൻലാൽ. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ചിത്രത്തിന്‍റെ ടീസര്‍ താരം പുറത്തുവിട്ടിരിക്കുന്നത്. മീശപിരിച്ച് മുണ്ടു മടക്കി കുത്തി ലാലേട്ടന്‍റെ ആക്ഷൻ രംഗങ്ങളാണ് ടീസറിലെ ഹൈലൈറ്റ്. ചിത്രത്തിന്‍റെ ഔദ്യോഗിക പോസ്റ്റര്‍ അണിയറ പ്രവർത്തർ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. പോസ്റ്ററിൽ കളരിമുറയിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്ററിലെ ഫോട്ടോയും അതിന്റെ ഡിസൈനും മോഹൻലാലിന്റെ മെയ് വഴക്കം എടുത്തു കാട്ടുന്ന വിധത്തിലുള്ളതാണ്.

ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒരു മാസ് മസാല പടം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മികച്ച ആക്ഷൻ രംഗങ്ങളും ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകര്‍ അറിയിച്ചിരുന്നു.

പുലിമുരുകനു ശേഷം മോഹൻലാലിനു വേണ്ടി ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രത്തിൽ ‘നെയ്യാറ്റിൻകര ഗോപൻ’ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. രാജാവിന്‍റെ മകനിലൂടെ ഫേമസായ ‘ മൈ ഫോൺ നമ്പർ ഈസ് ‘2255’ എന്ന ഡയലോഗിലെ നമ്പറോടു കൂടിയ ഒരു ബെൻസ് കാറാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്.നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക കാര്യത്തിനായി പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപൻ എത്തുന്നതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ആറാട്ടിന്‍റെ പ്രമേയം.

18കോടിയുടെ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ആറാട്ടിൽ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായെത്തുന്നത്. നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here