വിവാദങ്ങളുണ്ടാക്കി വാര്‍ത്തകളിലിടം നേടുക, ബോക്‌സോഫീസില്‍ കോടികള്‍ വാരുക എന്ന തന്ത്രം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് സിനിമാ ലോകം. പഴയകാലത്ത് വന്‍ഹിറ്റുകളായ ചിത്രങ്ങളുടെ രണ്ടാംഭാഗം, ഹിറ്റുപാട്ടുകളുടെ റീമേക്ക് ഇവയെല്ലാം പഴയനമ്പരുകളാണ്. എങ്കിലും വികൃതമായി അവതരിപ്പിക്കുകവഴിയെങ്കിലും വിവാദങ്ങളുണ്ടാക്കാനായാല്‍ അത്രയും മതിയെന്നു കരുതുന്ന നിര്‍മ്മാതാക്കളും സംവിധായകരുമുണ്ട്.

1988 നവംബര്‍ 11ന് റിലീസായ അനില്‍കപൂര്‍ ചിത്രമായിരുന്നു തേസാബ്. ഇന്നും ആ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതാകട്ടെ മാധുരി ദീക്ഷിതിന്റെ അതിമനോഹര ചുവടുവയ്പ്പുകൊണ്ട് ആസ്വാദകഹൃദയം കീഴടക്കിയ ‘ഏക് ദോ തീന്‍’ എന്നു തുടങ്ങുന്ന പാട്ടും.

ബാഗി 2 എന്ന ചിത്രത്തില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെക്കൊണ്ട് ‘ഏക് ദോ തീന്‍’ ചുവടുവപ്പിച്ച് ‘അലങ്കോലാഹലം’ സൃഷ്ടിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഉപ്പോളം വരില്ല ഉപ്പിലിട്ടതെന്ന ചൊല്ല് എത്രത്തോളം ശരിയായിരുന്നൂവെന്ന് ബോധ്യപ്പെടുന്ന രീതിയിലാണ് പുതിയ ‘ഏക് ദോ തീന്‍’ എന്നാണ് ഭൂരിപക്ഷാഭിപ്രായം. പലകോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വെറും ലൈംഗികചേഷ്ടാപ്രകടനമായി തരംതാണെന്ന അഭിപ്രായവും പങ്കുവയ്ക്കപ്പെടുന്നു. വിമര്‍ശനമുയര്‍ന്നതോടെ മാധുരി ദീക്ഷിതിനോട് മത്സരിക്കാനുദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ജാക്വിലിനും രംഗത്തുവന്നു. ഇത്തരമൊരു ഗാനം റീമേക്കിനൊരുങ്ങുമ്പോള്‍തന്നെ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്ന് അറിയാമായിരുന്നെന്നാണ് സംവിധായകന്‍ അഹമ്മദ്ഖാന്റെ അഭിപ്രായം. മാധുരീ ദീക്ഷിത്ത് മൗനംപാലിക്കുമ്പോഴും പഴയ നായകന്‍ അനില്‍കപൂര്‍ പുതിയ ‘എക് ദോ തീന്‍’ പാട്ടിനെ പ്രശംസിച്ചത് അണിയറപ്രവര്‍ത്തകര്‍ക്ക് അആശ്വാസമായിട്ടുണ്ട്. വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോഴും 31 മില്ല്യണിലധികം പേര്‍ യുട്യൂബില്‍ പുതുഗാനം കണ്ടുകഴിഞ്ഞു. ഈ ഗാന വിവാദം ഇനി ബോക്‌സോഫീസില്‍ തുണയ്ക്കുമോയെന്ന് കണ്ടുതന്നെയറിയണം.

 

LEAVE A REPLY

Please enter your comment!
Please enter your name here