ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ടി’ന്റെ ഓസ്കാര്‍ എന്‍ട്രി ട്വിറ്ററിലൂടെ ആഘോഷമാക്കി പ്രമുഖ ഡയറി കോര്‍പ്പറേറ്റീവ് സൊസൈറ്റിയായ ‘അമൂല്‍’. ‘ജല്ലി ഗുഡ്”കട്ടൂ എ പീസ് ഓഫ് ബട്ടര്‍?’ എന്ന് എഴുതിയിരിക്കുന്ന കാര്‍ട്ടൂണിക്ക് പോസ്റ്ററോടെയാണ് അമൂല്‍ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. ആന്റണി വര്‍ഗ്ഗീസ് ‘വാട്ട് ആന്‍ ഐഡിയ സേട്ട്ജീ’ എന്ന കുറിപ്പോടെ ട്വീറ്റ് ഷെയര്‍ ചെയ്യുകയുമുണ്ടായി.
‘അമൂല്‍ ടോപ്പിക്കല്‍: ജല്ലിക്കെട്ട്, 2021 ഓസ്കാറിലേക്കുളള ഇന്ത്യയുടെ എന്‍ട്രി’ എന്ന കുറിപ്പോടെയാണ് അമൂല്‍ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. ട്വീറ്റിലെ കാര്‍ട്ടൂണിക്ക് പോസ്റ്ററില്‍ ആന്റണി വര്‍ഗ്ഗീസിന്റെ കഥാപാത്രത്തിനൊപ്പം അമൂല്‍ ഗേള്‍ വെണ്ണ കഴിക്കുന്നു. തൊട്ടടുത്തായി ഒരു പോത്തും പുറകിലായി ഓസ്കാര്‍ ശില്പവും കാണാം. ചക്ദേ ഇന്ത്യ, ധൂം, മേരി കോം തുടങ്ങിയ നിരവധി ബോളിവുഡ് ചിത്രങ്ങള്‍ക്ക് അമൂല്‍ കാര്‍ട്ടൂണിക്ക് പോസ്റ്റേഴ്സ് ഒരുക്കിയിട്ടുണ്ട്. എന്തിരന്, ബാഹുബലി എന്നീ ചിത്രങ്ങള്‍ക്കായും ഇത്തരത്തില്‍ കാര്‍ട്ടൂണിക്ക് പോസ്റ്റേഴ്സ് മുന്‍പ് ഒരുക്കിയിരുന്നു.
2019ല്‍ പുറത്തിറങ്ങിയ ജല്ലിക്കെട്ട് വലിയ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശംസകളും നേടിയിട്ടുണ്ട്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച സിനിമയുടെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് എസ് ഹരീഷാണ്. ആന്റണി വര്‍ഗ്ഗീസ് ചെമ്ബന്‍ വിനോദ്, സാബുമോന് അബദു സമദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
2019ലെ ടൊറണ്ടോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍, ബുസാന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍ എന്നിവടിങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. 50-ാമത് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ മികച്ച സംവിധായകനുള്ള പുരസ്കാരവും ലിജോ ജോസ് പല്ലിശ്ശേരിക്ക് ചിത്രം നേടിക്കൊടുത്തിരുന്നു. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്കാരവും ലിജോ ജോസ് പല്ലിശ്ശേരിക്ക് ലഭിക്കുകയുണ്ടായിരുന്നു.